മലപ്പുറത്ത് ഡാറ്റാ എന്‍ട്രിയുടെ പേരില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വന്‍ ചൂഷണം
മലപ്പുറം: ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍ തസ്തികയുടെ പേരില്‍ മലപ്പുറത്ത വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വന്‍ ചൂഷണം. മലപ്പുറം ഗവ.കോളജ് കോംപൗണ്ടിലെ സര്‍ക്കാര്‍ സ്ഥാപനമായ കോളജ് ഓഫ് അപ്ലൈഡ് സയന്‍സിലും ജില്ലാ മണ്ണ് പരിശോധന കേന്ദ്രത്തിലുമാണ് തുച്ഛവേതനത്തിന് ജോലി ചെയ്യിപ്പിച്ച് തൊഴില്‍രഹിതരെ ചൂഷണം ചെയ്യുന്നത്.
കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ മാസം കേവലം 7800 രൂപ നിരക്കിലാണ് ഉദ്യോഗാര്‍ഥികളെ രാവിലെ 9 മുതല്‍ 4 വരെ പണിയെടുപ്പിക്കുന്നത്. ഐഎച്ച്ആര്‍ഡിയുടെ കീഴിലുള്ള സ്ഥാപനത്തില്‍ ഇതിനായി ഇന്ന് നടന്ന കൂടിക്കാഴ്ചയില്‍ നിരവധി പേര്‍ പങ്കെടുത്തു. സര്‍ക്കാര്‍ പറയുന്ന മിനിമം വേതനം പോലും ഇവര്‍ പാലിക്കുന്നില്ല. എംപ്ലോയ്‌മെന്റ് ഓഫിസ് ലിസ്റ്റിലുള്ളവരും വാര്‍ത്ത പ്രകാരവുമാണ് ഉദ്യോഗാര്‍ഥികള്‍ എത്തിയത്. കൂടുതല്‍ പേര്‍ എത്തിയതോടെ യോഗ്യത ഡിസിഎ (ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍) മാത്രമാക്കി. ശമ്പളം കുറഞ്ഞതിനെപ്പറ്റി അന്വേഷിച്ചപ്പോള്‍ ഇത് ആറുമാസത്തേക്കുള്ള ട്രെയ്‌നി തസ്തികയാണെന്നായിരുന്നു മറുപടി. അങ്ങിനെയാണെങ്കില്‍ പരിശീലനം കഴിഞ്ഞാല്‍ കരാറിലെങ്കിലും ജീവനക്കാരാക്കുമോ എന്ന് ചോദിച്ചപ്പോള്‍ പരിചയ സര്‍ട്ടിഫിക്കറ്റ് മാത്രം നല്‍കി പിരിച്ചുവിടുകയാണ് പതിവ് എന്നും പറയുന്നു. ഇവിടെ ഈ തസ്തിക നിലവിലില്ലെന്നും സര്‍ക്കാര്‍ ചെലവ് ചുരുക്കലിന്റെ ഭാഗമാണ് ട്രെയ്‌നി തസ്തിക വഴി ശമ്പളം കുറച്ചു നല്‍കുന്നതെന്നും അധികൃതര്‍ വിശദീകരിക്കുന്നു. അതേസമയം കുറഞ്ഞ ശമ്പളത്തിന് ആളെ ലഭിക്കുന്നില്ലെന്ന് അറിയിച്ചാല്‍ സര്‍ക്കാര്‍ ശമ്പളം കൂട്ടി നല്‍കാറുണ്ട്. ഇങ്ങനെ വിവരം നല്‍കാന്‍ ഇത്തരം സ്ഥാപനങ്ങള്‍ ശ്രമിക്കുന്നില്ല. ജില്ലാ മണ്ണ് പരിശോധന കേന്ദ്രത്തില്‍ വര്‍ഷങ്ങളായി 7500 രൂപയ്ക്കാണ് രാവിലെ മുതല്‍ വൈകുന്നേരം വരെ ഡാറ്റാ ജോലി ചെയ്യിപ്പിച്ചിരുന്നത്. ഇത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയതോടെ ഈ വര്‍ഷം മുതല്‍ 15,000 ആയി ഉയര്‍ത്തിയിട്ടുണ്ട്.
ഇതേ തസ്തികക്ക് മഞ്ചേരി മെഡിക്കല്‍ കോളജില്‍ 22,300 രൂപക്കായിരുന്നു നിയനം. നിശ്ചിത ശമ്പള നിയമം പാലിക്കാതെ ലിസ്റ്റ് ആവശ്യപ്പെടുന്ന ഇത്തരം സ്ഥാപനങ്ങളോട് എംപ്ലോയ്‌മെന്റ് ഓഫിസ് വിശദീകരണം ചോദിക്കാറുണ്ട്.
എന്നാല്‍ ഇവരെ തെറ്റിദ്ധരിപ്പിച്ചാണ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഇത്തരത്തില്‍ തൊഴില്‍ രഹിതരെ ചൂഷണം ചെയ്യുന്നത്. എംപ്ലോയ്‌മെന്റ് ഓഫീസ് വഴിയായതിനാല്‍ ഇന്റര്‍വ്യുവിന് ഹാജരായില്ലെങ്കില്‍ തുടര്‍ന്നുള്ള ജോലിക്ക് വിളിക്കാന്‍ സാധ്യത കുറവാണ്. ഈ ആശങ്ക കാരണം പലരും കൂടിക്കാഴ്ചയില്‍ പങ്കെടുത്ത് മടങ്ങുകയാണ് ചെയ്യുന്നത്. എംപ്ലോയ്‌മെന്റ ലിസ്റ്റിലുള്ളവരില്‍ യോഗ്യതയുള്ളവരില്ലെങ്കില്‍ മാത്രമാണ് വാര്‍ത്ത നല്‍കി ആളെ നിയമിക്കേണ്ടത്. ഈ നിയമവും ഐഎച്ച്ആര്‍ഡി സ്ഥാപനത്തില്‍ പാലിക്കപ്പെട്ടിട്ടില്ല. അതേസമയം കുറച്ചു ശമ്പളം നല്‍കി ബാക്കി തുക സ്ഥാപനം തട്ടിയെടുക്കുന്നുണ്ടൊയെന്നതും പരിശോധിക്കേണ്ടതുണ്ടെന്ന് ഒരു രക്ഷിതാവ് പറഞ്ഞു. എംപ്ലോയ്‌മെന്റ് ഓഫീസിന്റെ മറവിലാണ് ഇത്തരം തട്ടിപ്പ് കൂടുതല്‍ നടക്കുന്നതെന്നാണ് ഏറെ പരിതാപകരം.