തൊഴില്‍, പി എസ് സി പരിശീലനം രണ്ടാംനിലയില്‍; പ്രതിഷേധവുമായി ഭിന്നശേഷിക്കാര്‍
പരപ്പനങ്ങാടി: സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനമായ എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി ഭിന്നശേഷിക്കാര്‍ക്കു വേണ്ടി സ്വയം തൊഴില്‍ പരിശീലനവും പിഎസ്‌സി കോച്ചിങും കെട്ടിടത്തിലെ രണ്ടാം നിലയിലും മൂന്നാം നിലയിലും നടത്തുന്നതില്‍ പ്രതിഷേധിച്ച് വോയ്‌സ് ഓഫ് ഡിസേബിള്‍ ജില്ലാ കമ്മിറ്റി ധര്‍ണ നടത്തി. മൂന്നാംനിലയിലേക്ക് എത്തുക എന്നുള്ളത് ഭിന്നശേഷിയുള്ളവര്‍ക്ക് ഏറെ പ്രയാസം സൃഷ്ടിക്കുകയാണ്. എല്ലാ ഭിന്നശേഷിക്കാര്‍ക്കും എത്താന്‍ കഴിയുന്ന വിധത്തില്‍ താഴത്തെ നിലയിലേക്ക് അടിയന്തരമായി മാറ്റണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്കും ജില്ലാ സാമൂഹിക നീതി വകുപ്പ് ഓഫിസര്‍ക്കും പരാതി നല്‍കി. ജില്ലാ പ്രസിഡന്റ് സുബൈര്‍ ചേലേമ്പ്ര, ജില്ലാ സെക്രട്ടറി ഷഫീഖ് പുലാമന്തോള്‍, അഡൈ്വസറി ബോര്‍ഡംഗം ഫാത്തിമാ ശരീഫ് ചുങ്കം, ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഒ കെ സുബൈര്‍ ആതവനാട് സംസാരിച്ചു. അബു വെങ്ങാട്, മൈമൂന പുത്തനങ്ങാടി, ജലാല്‍ ചേലേമ്പ്ര, ഹസ്സന്‍ കുട്ടി ചേലേമ്പ്ര, ഗഫൂര്‍ സംബന്ധിച്ചു.