ഓരോ കലാലയവും നവോത്ഥാന മാനവിക മൂല്യങ്ങളുടെ പ്രഭവ കേന്ദ്രമാണ്: ജസ്റ്റിസ് സി കെ അബ്ദുല്‍ റഹീം
പരപ്പനങ്ങാടി:ഓരോ കലാലയവും നവോത്ഥാന മാനവിക മൂല്യങ്ങളുടെ പ്രഭവ കേന്ദ്രമാണെന്നും സമൂഹത്തില്‍ നല്ല പൗരന്മാരെ വാര്‍ത്തെടുക്കുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്നും മുന്‍ കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസും കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ചെയര്‍മാനുമായ ജസ്റ്റിസ് സി കെ അബ്ദുല്‍ റഹീം അഭിപ്രായപ്പെട്ടു. പരപ്പനങ്ങാടി കോ-ഓപ്പറേറ്റീവ് കോളേജിന്റെ മുപ്പതാം വാര്‍ഷികാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഈ കാലഘട്ടത്തില്‍ ഏറ്റവും പ്രസക്തിയുള്ള ചോദ്യമാണ് എന്തിനാണ് വിദ്യാഭ്യാസമെന്നത് . അറിവ് സമ്പാദിക്കുക എന്നത് മാത്രമല്ല സമൂഹത്തില്‍ ഒത്തൊരുമയോടെ ജീവിക്കാമെന്ന് പഠിപ്പിക്കുന്നതാണ് വിദ്യാഭ്യാസം. ഓരോ വ്യക്തിയും സമൂഹത്തോട് കടപ്പെട്ടിരിക്കുന്നു. വിവേകവും സ്‌നേഹവും സാഹോദര്യവും പങ്കിടുന്ന സമഗ്ര വ്യക്തിത്വവികാസമാണ് വിദ്യാഭ്യാസം കൊണ്ട് ലക്ഷ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച എക്‌സിബിഷന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. ചടങ്ങില്‍ കോളേജ് പ്രസിഡന്റ് അഡ്വക്കേറ്റ് കെ.കെ.സൈതലവി അധ്യക്ഷത വഹിച്ചു.