വള്ളിക്കുന്ന്, അരീപ്പാറ ഭാഗങ്ങളില്‍ വന്‍ കഞ്ചാവ് വേട്ട
തിരൂരങ്ങാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി എല്‍ ജോസും പാര്‍ട്ടിയും നടത്തിയ വാഹന പരിശോധനയിലും റെയ്ഡിലും വന്‍ കഞ്ചാവ് ശേഖരം പിടികൂടി.
പരപ്പനങ്ങാടി: തിരൂരങ്ങാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി എല്‍ ജോസും പാര്‍ട്ടിയും നടത്തിയ വാഹന പരിശോധനയിലും റെയ്ഡിലും വന്‍ കഞ്ചാവ് ശേഖരം പിടികൂടി. വള്ളിക്കുന്ന് പരുത്തിക്കാട് ഭാഗത്ത് നടത്തിയ വാഹന പരിശോധനയ്ക്കിടെ എക്‌സൈസ് സംഘത്തെ കണ്ട് ഓട്ടോറിക്ഷയുമായി രക്ഷപ്പെടാന്‍ ശ്രമിച്ച തിരൂരങ്ങാടി താലൂക്ക് വള്ളിക്കുന്ന് കടലുണ്ടി നഗരം സ്വദേശി മാനാം കുഴി അബ്ദുവിന്റെ മകന്‍ ഷഫീഖ് (32) 100 ഗ്രാം കഞ്ചാവുമായി പിടിയിലായിിരുന്നു. ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ അരീപ്പാറ ഭാഗത്ത് നടത്തിയ റെയ്ഡില്‍ തിരൂരങ്ങാടി താലൂക്ക് തേഞ്ഞിപ്പാലം വില്ലേജില്‍ അരീപ്പാറ പള്ളിയാളി വീട്ടില്‍ അബ്ദു റഹ്മാന്റെ മകന്‍ ജാഫര്‍ എന്ന് വിളിക്കുന്ന മുഹമ്മദ് ജാബിറിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 2. 300 കി.ഗ്രാം കഞ്ചാവും കണ്ടെടുത്തു.
ഇയാള്‍ എക്‌സൈസ് ഉദ്യോഗസ്ഥനെ വാഹനമിടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ച് രക്ഷപ്പെട്ടു. പ്രതിക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഈ പ്രദേശങ്ങളില്‍ യുവാക്കളും വിദ്യാര്‍ത്ഥികളും വന്‍തോതില്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നതായി അന്വേഷണത്തില്‍ ബോധ്യമായതായി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. പരിശോധനയില്‍ പ്രിവന്റീവ് ഓഫിസര്‍ കെ എസ് സുര്‍ജിത്, ഉദ്യോഗസ്ഥരായ ദിലീപ്, സമേഷ്, ഷിജു, ഷിനു, ചന്ദ്രമോഹന്‍, വനിത ഓഫിസര്‍മാരായ ലിഷ, ഐശ്വര്യ എന്നിവരും ഉണ്ടായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെയും കഞ്ചാവും .പരപ്പനങ്ങാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി തിരൂര്‍ സബ് ജയിലില്‍ റിമാന്റ് ചെയ്തു.