നായ പരിശീലനത്തിന്റെ മറവില്‍ കഞ്ചാവ് വില്‍പ്പന; പ്രതിയെ തമിഴ്‌നാട്ടില്‍നിന്ന് പിടികൂടി
കോട്ടയം: നായ പരിശീലനകേന്ദ്രത്തിന്റെ മറവില്‍ ലഹരി വില്‍പ്പന നടത്തിയ കേസിലെ മുഖ്യപ്രതിയെ തമിഴ്‌നാട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തു. കോട്ടയം കുമാരനെല്ലൂരിലെ 'ഡെല്‍റ്റ കെ9' എന്ന നായ പരിശീലനകേന്ദ്രത്തില്‍നിന്ന് 18 കിലോ കഞ്ചാവ് കണ്ടെടുത്ത സംഭവത്തിലെ മുഖ്യപ്രതി റോബിന്‍ ജോര്‍ജിനെയാണ് പിടികൂടിയത്. പിതാവിനെ ചോദ്യം ചെയ്തതില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ കണ്ടെത്തിയതെന്നാണ് സൂചന.
വാടകയ്ക്ക് വീടെടുത്ത് നായ പരിശീലനത്തിന്റെ മറവിലാണ് ലഹരിവില്‍പ്പന നടത്തിയിരുന്നത്. പതിമൂന്നോളം നായ്ക്കളാണ് കേന്ദ്രത്തിലുണ്ടായിരുന്നത്. കാക്കി കണ്ടാല്‍ കടിക്കാന്‍ വരെ ഇയാള്‍ നായകളെ പരിശീലനം നല്‍കിയിരുന്നെന്നാണ് പോലിസ് പറയുന്നത്. വളര്‍ത്തുനായ പരിശീലനത്തിനു പുറമേ ഹോസ്റ്റല്‍ സൗകര്യവുമുണ്ടായിരുന്നു. നായകള്‍ക്കു പുറമെ, ആമകളെയും വിവിധതരം മല്‍സ്യങ്ങളെയും കേന്ദ്രത്തില്‍ വളര്‍ത്തിയിരുന്നു. രാത്രികാലങ്ങളില്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ബൈക്കുകളിലും കാറുകളിലുമായി കേന്ദ്രത്തില്‍ എത്തിയിരുന്നതായാണ് സമീപവാസികള്‍ പറയുന്നത്. നൃത്തവും സംഗീതവും ഉള്‍പ്പെടെ പതിവായതോടെ സമീപവാസികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കഞ്ചാവ് പിടികൂടിയത്. ഇതിനുപിന്നാലെ രക്ഷപ്പെട്ട റോബിന്‍ ജോര്‍ജിനെ കണ്ടെത്താന്‍ പോലിസ് നാല് സംഘങ്ങള്‍ രൂപീകരിച്ചാണ് അന്വേഷണം നടത്തിയിരുന്നത്.