വനിതാ ഹോസ്റ്റലിൽ നിന്ന് പിടിച്ചത് 1.3 കിലോ കഞ്ചാവ്; ഐടി ജീവനക്കാരിയും സുഹൃത്തും അറസ്റ്റിൽ

Update: 2024-04-26 10:39 GMT

ചെന്നൈ: വനിതാ ഹോസ്റ്റലില്‍നിന്ന് 1.3 കിലോ കഞ്ചാവ് പിടിച്ച സംഭവത്തില്‍ ഐടി ജീവനക്കാരിയും സുഹൃത്തായ ടാക്‌സി ഡ്രൈവറും അറസ്റ്റില്‍. ചൂളൈമേടിലെ വനിതാഹോസ്റ്റലില്‍ താമസിക്കുന്ന ഐടി ജീവനക്കാരിയായ ഷര്‍മിള(26), സുഹൃത്ത് സുരേഷ്(32) എന്നിവരെയാണ് അറസ്റ്റുചെയ്തത്. കഞ്ചാവ് കടത്തല്‍ സംഘത്തിലുള്‍പ്പെട്ട സുരേഷ് 1.3 കിലോ കഞ്ചാവ് സൂക്ഷിക്കാനായി ഷര്‍മിളയ്ക്ക് നല്‍കുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായതായി പോലിസ് പറഞ്ഞു.

ഷര്‍മിള തുറൈപാക്കത്തിന് സമീപമുള്ള ഐടി സ്ഥാപനത്തില്‍ ജോലിചെയ്ത് വരുകയായിരുന്നു. ഓഫീസിലേക്കും തിരിച്ചും ഐടി സ്ഥാപനത്തിന്റെ ടാക്‌സിയിലാണ് പോയിരുന്നത്. ഷര്‍മിള, സുരേഷ് ഓടിച്ചിരുന്ന ടാക്‌സിയിലാണ് സ്ഥിരമായി സഞ്ചരിച്ചിരുന്നത്. രണ്ടുപേരും സൗഹൃദത്തിലായിരുന്നു. തുടര്‍ന്നാണ് കഞ്ചാവ് സൂക്ഷിക്കാനായി ഷര്‍മിളയ്ക്ക് നല്‍കിയിരുന്നതെന്നും പോലിസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ രണ്ട് പേരെയും റിമാന്‍ഡ് ചെയ്തു.

മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് ചെന്നൈയില്‍ എത്തിക്കുന്ന കഞ്ചാവ് വിവിധഏജന്റുമാര്‍ക്ക് എല്പിക്കുന്നജോലിയും ടാക്‌സി ഡ്രൈവറായ സുരേഷ് ചെയ്തിരുന്നുവെന്നും പോലിസ് പറഞ്ഞു. കഞ്ചാവുവില്പനയുമായി ബന്ധപ്പെട്ട് സുരേഷിന്റെ പങ്കിനെ ക്കുറിച്ച് കൂടുതല്‍ അന്വേഷണംനടത്തി വരുകയാണെന്നും പോലിസ് അറിയിച്ചു.

Tags:    

Similar News