കുടുംബ സംവിധാനം ഭദ്രമായാല്‍ ഹാപ്പിനെസ് സമൂഹം യാഥാര്‍ത്ഥ്യമാവും: വിസ്ഡം ഫാമിലി കോണ്‍ഫറന്‍സ്

Update: 2024-01-08 05:00 GMT

കോട്ടക്കല്‍:ഹാപ്പിനെസ് സമൂഹത്തെ യാഥാര്‍ത്ഥ്യമാക്കാന്‍ കുടുംബ സംവിധാനം ഭദ്രമാക്കി ബന്ധങ്ങളുടെ പവിത്രതാ ബോധവും ഉത്തരവാദിത്തവും ഉള്ള തലമുറകളെ വളര്‍ത്തിയെടുക്കുകയാണ് വേണ്ടതെന്ന് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ മലപ്പുറം വെസ്റ്റ് ജില്ലാ സമിതി സംഘടിപ്പിച്ച ഫാമിലി കോണ്‍ഫറന്‍സ് അഭിപ്രായപ്പെട്ടു. ഹാപ്പിനെസ് കോര്‍ണര്‍, ഉദ്യാനം, തെരുവ് എന്നീ സംവിധാനങ്ങളെ പ്രായാധിക്യത്താല്‍ ദുരിതമനുഭവിക്കുന്ന വയോജനങ്ങളെ തള്ളിയിട്ട് ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടുന്ന പ്രവണതക്കെതിരെ ജാഗ്രത പുലര്‍ത്തണം. സംസ്ഥാനത്തെ ലഹരി പദാര്‍ത്ഥങ്ങളുടെ വ്യാപകമായ വിപണി കേന്ദ്രമാക്കാന്‍ ഒത്താശ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണം.

സമൂഹത്തില്‍ ലഹരി ഉപയോഗത്തിനും ഉദാരലൈംഗികതയ്ക്കും ആശയ പിന്തുണ നല്‍കുന്ന നവലിബറല്‍ സമീപനങ്ങള്‍ക്കെതിരെ സമൂഹം ഉല്‍ബുദ്ധരാകണം. കുടുംബ സംവിധാനങ്ങളെ തകര്‍ക്കുന്ന ജെന്‍ഡര്‍ രാഷ്ട്രീയത്തെ വിദ്യാര്‍ത്ഥികളില്‍ അടിച്ചേല്‍പിക്കുന്നതില്‍ നിന്ന് അധികാരികള്‍ പിന്‍മാറണം. സ്വവര്‍ഗാനുരാഗത്തെയും കുടുംബ ശൈഥില്യങ്ങളെയും പ്രോല്‍സാഹിപ്പിക്കുന്ന കലാ- ചലചിത്ര സംവിധാനങ്ങള്‍ക്ക് സെന്‍സര്‍ ബോര്‍ഡ് നിയന്ത്രണമേര്‍പ്പെടുത്തണം. ധാര്‍മ്മിക സദാചാര മൂല്യങ്ങളെ പുതുതലമുറയില്‍ വളര്‍ത്തിയെടുക്കുന്നതിലൂടെ ഉത്തമ സമൂഹ സൃഷ്ടി സാധ്യമാകുമെന്നും സ്‌ക്രിയമായ യുവതക്ക് നിദാനമാകുമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.

കോട്ടക്കല്‍ പുത്തൂരില്‍ പ്രത്യേകം സജ്ജമാക്കിയ നഗരയില്‍ നടന്ന സമ്മേളനം വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡന്റ് പി എന്‍ അബ്ദുല്ലത്തീഫ് മദനി ഉദ്ഘാടനം ചെയ്തു. വിസ്ഡം ഇസ്ലാമിക് ഓര്‍ഗാനൈസേഷന്‍ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ് സുല്ലമി മാറഞ്ചേരി അധ്യക്ഷത വഹിച്ചു.

Similar News