വേങ്ങര:ആയിരക്കണക്കായ നിക്ഷേപകരെ കടബാധ്യതയില്‍ ശ്വാസം മുട്ടിച്ചു കൊണ്ട് നിക്ഷേപക തുക തിരിമറി ചെയ്ത മീസാന്‍ എം .ഡിമാര്‍ക്കെതിരെ നിക്ഷേപക സമൂഹം പ്രതിഷേധ തീമഴയായി രംഗത്ത്.മീസാന്‍ അബ്ദുള്ള, യു. പോക്കര്‍, സലാവുദ്ദീന്‍ എന്നീ എം.ഡി.മാര്‍ മൊത്തം ഇതിന് ഉത്തരവാദികള്‍ ആണെങ്കിലും തുടക്കമെന്ന നിലക്ക് സ്ഥാപക എം.ഡി. മീസാന്‍ അബ്ദുള്ളയുടെ വീട്ടു പരിസരത്തേക്കാണ് പ്രതിഷേധം ഇരമ്പിയത് . കാരാത്തോട് ടൗണില്‍ നിന്നും ആരംഭിച്ച് പൂളാപ്പീസിലുള്ള അബ്ദുല്ലയുടെ വീട്ടു പരിസരത്തൂടെ തിരിച്ച് നടത്തിയ പ്രകടനത്തില്‍ വനിതകള്‍ അടക്കം 200ഓളം പേര്‍ പങ്കെടുത്തു. സംസ്ഥാനത്തിന്റെ രണ്ടറ്റത്തുമുള്ള നിക്ഷേപകരില്‍ ഏറെയും വയോജനങ്ങളും രോഗികളുമായിരുന്നു.
15 വര്‍ഷം മുന്‍പേ കോഴിക്കോട്, അരീക്കോട് അടക്കമുള്ള മീസാന്‍ ഗോള്‍ഡ് നിക്ഷേപ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടിയത് വ്യാപാര നഷ്ടം കൊണ്ടോ , മറ്റു നിയമപ്രശ്‌നം കൊണ്ടോ അല്ല , നിക്ഷേപ തുക എംഡിമാര്‍ വക മാറ്റി സ്വന്തം പേരില്‍ ആക്കിയത് കൊണ്ടാണെന്ന് സംഘാടകര്‍ പറഞ്ഞു .എങ്കിലും ഇപ്പോഴും കൈമാറാതെ കോഴിക്കോട് സ്ഥിതി ചെയ്യുന്ന സ്ഥലം വിറ്റഴിച്ച് നിക്ഷേപകരുടെ ദുരിതത്തിന് പരിഹാരം കാണാന്‍ പല വഴിക്കും ബന്ധപ്പെട്ടിട്ടും സാധിക്കാതെ വന്നതുകൊണ്ടാണ് പ്രക്ഷോഭ വഴി തെരഞ്ഞെടുത്തതെന്നും നിക്ഷേപകര്‍ സൂചിപ്പിച്ചു. പ്രായാധിക്യത്തിലും സാമ്പത്തിക ഞെരുക്കത്തിന് പരിഹാരം കാണാമെന്ന നിശ്ചയ ദാര്‍ഢ്യത്തോടെ ജനം പ്രകടനത്തില്‍ സജീവമായത് ഏറെ ശ്രദ്ധേയമായി.
പ്രശ്‌നപരിഹാരത്തിന് ഇനിയും വഴി ഒരുങ്ങുന്നില്ലെങ്കില്‍ അബ്ദുള്ള അടക്കം മറ്റു എം ഡിമാരായ പോക്കര്‍, സലാഹുദ്ദീന്‍ എന്നിവരുടെ വീടുകളിലേക്കും പ്രക്ഷോഭ സമരങ്ങളുടെ ശക്തമായ ഒഴുക്ക് ഉണ്ടാകുമെന്ന് സംഘാടകര്‍ പറഞ്ഞു. പ്രകടനം അഡ്വ. സമീര്‍ ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം തിക്കോടി അധ്യക്ഷത വഹിച്ചു. പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് കണ്‍വീനര്‍ വി.പി മുഹമ്മദ് മഞ്ചേരി, സൈതലവി മഞ്ചേരി, അസീസ് കണ്ണൂര്‍, ഇബ്രാഹിം എടപ്പാള്‍ എന്നിവര്‍ സംസാരിച്ചു.