കേന്ദ്ര സര്‍വകലാശാലകളില്‍ പ്രവേശനം നേടാന്‍ പിന്തുണയേകി കെ സ്റ്റാര്‍ പദ്ധതി

Update: 2022-04-27 08:13 GMT

കോഴിക്കോട്: കേന്ദ്ര സര്‍വകലാശാലകളില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി കൊണ്ടോട്ടിയില്‍ ഓറിയന്റേഷന്‍ ക്ലാസ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 28ന് രാവിലെ 10ന് മഹാകവി മോയിന്‍ കുട്ടി വൈദ്യര്‍ സ്മാരക അക്കാദമി ഓഡിറ്റോറിയത്തിലാണ് ക്ലാസ്. ടി വി ഇബ്രാഹിം എംഎല്‍എ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ തുടങ്ങിയവര്‍ പങ്കെടുക്കും. ടി വി ഇബ്രാഹിം എംഎല്‍എ മുന്‍കൈയെടുത്ത് നടപ്പാക്കുന്ന സമഗ്രവിദ്യാഭ്യാസ പദ്ധതിയായ അക്ഷരശ്രീയുടെ അനുബന്ധ പദ്ധതിയായ കെ സ്റ്റാറിലൂടെ വിദ്യാര്‍ഥികള്‍ക്ക് കേന്ദ്ര സര്‍വകലാശാലകളെ പരിചയപ്പെടുത്തുകയും കേന്ദ്ര സര്‍വകലാശാലകള്‍ നല്‍കുന്ന അവസരങ്ങള്‍, പ്രവേശന പരീക്ഷ നടപടിക്രമങ്ങള്‍ എന്നിവയെക്കുറിച്ച് അറിയാന്‍ അവസരം ഒരുക്കുകയുമാണ്. പ്രവേശന പരീക്ഷക്ക് ആവശ്യമായ സൗജന്യ പരിശീലനവും നല്‍കും.

കൊണ്ടോട്ടി മണ്ഡലത്തിലെ വിദ്യാലയങ്ങളില്‍ പ്ലസ്ടു പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഓറിയന്റേഷന്‍ പരിപാടിയില്‍ പങ്കെടുക്കാം. കോഴിക്കോട് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.എം കെ ജയരാജ്, കാസര്‍ഗോഡ് സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റി വിദ്യാഭ്യാസ വിഭാഗം മേധാവിയും ഡീനുമായ പ്രഫ.എം എന്‍ മുഹമ്മദുണ്ണി മുസ്തഫ, സിജിഎസി സ്‌റ്റേറ്റ് ഫാക്കല്‍റ്റി ഒ പി അബ്ദുല്‍ ഹമീദ് തുടങ്ങിയവര്‍ ക്ലാസ്സുകള്‍ നയിക്കും. കഴിഞ്ഞ വര്‍ഷങ്ങളില്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ നടത്തിയ കെ സ്റ്റാര്‍ പദ്ധതി പ്രകാരം നിരവധി വിദ്യാര്‍ഥികര്‍ക്ക് മികച്ച കേന്ദ്ര സര്‍വകലാശാലകളില്‍ പ്രവേശനം ലഭിച്ചിരുന്നു. പങ്കെടുക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 98463 23529 ,+91 99461 97560, 9946491006,+91 94472 03001.

Tags:    

Similar News