മലപ്പുറത്തെ ജനങ്ങളുടെ ആത്മാഭിമാനത്തെ കുഞ്ഞാലിക്കുട്ടി വെല്ലുവിളിക്കുന്നു: വി പി സാനു
മലപ്പുറം: മലപ്പുറത്തെ ജനങ്ങളുടെ ആത്മാഭിമാനത്തെ കുഞ്ഞാലിക്കുട്ടി നിരന്തരം വെല്ലുവിളിക്കുകയാണെന്ന് ലോക്‌സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി പി സാനു. മലപ്പുറം പ്രസ്സ് ക്ലബ്ബിന്റെ 'സഭാങ്ക'ത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലപ്പുറത്തെ ജനങ്ങളെ നിരന്തരം പരിഹസിക്കുകയാണ് ലീഗും കുഞ്ഞാലിക്കുട്ടിയും. ജനങ്ങളുടെ അടിസ്ഥാനപരമായ വിഷയങ്ങളില്‍ പോലും അവര്‍ ലോക്‌സഭയില്‍ ഉന്നയിച്ചു കണ്ടിട്ടില്ല. ന്യൂനപക്ഷങ്ങളെ ഗുരുതരമായി ബാധിക്കുന്ന പല പ്രശ്‌നങ്ങളും കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റില്‍ ഉള്ളപ്പോള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. പൗരത്വ നിയമം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചപ്പോഴും അവര്‍ ശക്തമായി പ്രതികരിച്ചില്ല. ഇപ്പോള്‍ രാജ്‌നാഥ് സിങ് പറയുന്നത് ഏക സിവില്‍കോഡ് നടപ്പാക്കുമെന്നാണ്. അതിനെതിരേ പോലും മുസ് ലിം ലീഗ് കാര്യമായി പ്രതികരിച്ചിട്ടില്ല. ഇടതുപക്ഷമാണ് പ്രതികരിച്ചത്. കര്‍ഷക ബില്ലിലും ഇതായിരുന്നു അവസ്ഥ. കോണ്‍ഗ്രസിനെ എളുപ്പത്തില്‍ വിലയ്‌ക്കെടുക്കാന്‍ കഴിയുമെന്ന് ബിജെപി കരുതുന്നു. അതില്‍ നിന്ന് കേരളവും വിമുക്തമല്ലെന്നാണ് അനുഭവങ്ങള്‍ തെളിയിക്കുന്നത്. മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ തികഞ്ഞ വിജയ പ്രതീക്ഷയാണ് തിരഞ്ഞെടുപ്പ് പര്യടനത്തിനിടയില്‍ അനുഭവപ്പെട്ടത്. ജില്ലയിലെ 16 നിയമസഭാ സീറ്റിലും ഇടതുപക്ഷ കക്ഷികള്‍ വിജയിക്കുമെന്നും സാനു പറഞ്ഞു.