മലബാര്‍ സമരങ്ങളെക്കുറിച്ച് അഭിപ്രായം പറയാന്‍ ഒറ്റുകാരായ ആര്‍എസ്എസ്സുകാര്‍ക്ക് അവകാശമില്ല: പി സുരേന്ദ്രന്‍
തിരൂര്‍: 1921 ലെ മലബാര്‍ സമരങ്ങളെക്കുറിച്ച് അഭിപ്രായം പറയാന്‍ ബ്രിട്ടീഷുകാരുടെ ഒറ്റുകാരായി പ്രവര്‍ത്തിച്ച ആര്‍എസ്എസ്സുകാര്‍ക്ക് അവകാശമില്ലെന്ന് പ്രശസ്ത സാഹിത്യകാരന്‍ പി സുരേന്ദ്രന്‍. 'ഒറ്റുകാര്‍ക്ക് തിരുത്താനുള്ളതല്ല ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രം' എന്ന ക്യാപ്ഷനില്‍ നവംബര്‍ ഒന്ന് മുതല്‍ പിഡിപി മലപ്പുറം ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ച ചരിത്രസംരക്ഷണ കാംപയിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചരിത്രത്തില്‍ മലബാര്‍ ലഹള എന്ന് രേഖപ്പെടുത്തപ്പെട്ട യുദ്ധങ്ങള്‍ ഹിന്ദു- മുസ്‌ലിം സംഘട്ടനങ്ങളായിരുന്നില്ല. അവര്‍ണരായ ദരിദ്രകര്‍ഷകരും മുസ്‌ലിം കുടിയാന്‍മാരും ചേര്‍ന്ന് ബ്രിട്ടീഷുകാര്‍ക്കും അവരുടെ സില്‍ബന്ധികളായ ഭൂപ്രഭുക്കന്മാര്‍ക്കുമെതിരേ നടത്തിയ സ്വാതന്ത്ര്യസമര പോരാട്ടമായിരുന്നു അത്. തെറ്റായ ചരിത്രം പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ അന്നത്തെ ഒറ്റുകാരുടെ പിന്‍തലമുറയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പിഡിപി മലപ്പുറം ജില്ലാ പ്രസിഡന്റ് സലാം മൂന്നിയൂര്‍ അധ്യക്ഷത വഹിച്ചു, ചരിത്രകാരന്‍ ഹുസൈന്‍ രണ്ടത്താണി, സി കെ അബ്ദുല്‍ അസീസ്, സാബു കൊട്ടാരക്കര, സക്കീര്‍ പരപ്പനങ്ങാടി, ശശി പൂവന്‍ചിന, അനീഷ് കുമാര്‍ പൂക്കോട്ടൂര്‍, ഹാരിസ് വാണിയ്യ നൂര്‍, സൈനബ ഫൈസല്‍, ബീരാന്‍ ഹാജി അനന്താവൂര്‍, അബ്ദുറഹ്മാന്‍ ഹാജി തിരൂര്‍ എന്നിവര്‍ സംസാരിച്ചു. നിസാം കാളമ്പാടി പ്രതിജ്ഞ ചൊല്ലി. ടി കെ സലിം ബാബു, അബ്ദുല്‍ ബാരി ഇര്‍ഷാദ് പങ്കെടുത്തു.