'തിരുനബി: നിന്ദയല്ല; നന്ദിയാണു ധര്‍മ്മം'; മീലാദ് സമ്മേളനം സംഘടിപ്പിച്ചു
ആസൂത്രിത ലക്ഷ്യത്തോടെ ചിലര്‍ നടത്തുന്ന പ്രവാചക നിന്ദകളില്‍ വിശ്വാസികള്‍ പ്രകോപിതരോ നിരാശരോ ആകേണ്ടതില്ല. പ്രവാചക ജീവിതവും വ്യക്തിത്വവും ദര്‍ശനവും കൂടുതല്‍ പഠിക്കാനും സമൂഹത്തിനു പകരാനും വഴിയൊരുക്കുന്ന ഇത്തരം സന്ദര്‍ഭങ്ങള്‍ പ്രയോജനപ്പെടുത്താനാണു പ്രവാചക സ്‌നേഹികള്‍ ശ്രമിക്കേണ്ടതെന്നും കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി മൗലാനാ നജീബ് മൗലവി അഭിപ്രായപ്പെട്ടു.
മലപ്പുറം: സര്‍വ്വലോകങ്ങള്‍ക്കും അനുഗ്രഹമെന്ന് പ്രപഞ്ചനാഥന്‍ വിശേഷിപ്പിച്ച തിരുനബിയോടു നന്ദി പുലര്‍ത്തുന്നവരും അല്ലാത്തവരുമുണ്ടാകുമെന്നത് ലോക വ്യവസ്ഥിതിയുടെ ഭാഗമാണെന്നും പ്രവാചകദൗത്യം തൊട്ട് ആരംഭിച്ച പ്രവാചകനിന്ദ ലോകവസാനം വരെ തുടരുമെന്നും കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി മൗലാനാ നജീബ് മൗലവി പറഞ്ഞു.
'തിരുനബി: നിന്ദയല്ല; നന്ദിയാണു ധര്‍മ്മം' എന്ന പ്രമേയത്തെ അധികരിച്ചു കേരള സുന്നീ ജമാഅത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മീലാദ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആസൂത്രിത ലക്ഷ്യത്തോടെ ചിലര്‍ നടത്തുന്ന പ്രവാചക നിന്ദകളില്‍ വിശ്വാസികള്‍ പ്രകോപിതരോ നിരാശരോ ആകേണ്ടതില്ല. പ്രവാചക ജീവിതവും വ്യക്തിത്വവും ദര്‍ശനവും കൂടുതല്‍ പഠിക്കാനും സമൂഹത്തിനു പകരാനും വഴിയൊരുക്കുന്ന ഇത്തരം സന്ദര്‍ഭങ്ങള്‍ പ്രയോജനപ്പെടുത്താനാണു പ്രവാചക സ്‌നേഹികള്‍ ശ്രമിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സുന്നി ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് അഷ്‌റഫ് ബാഹസ്സന്‍ തങ്ങള്‍ ചെട്ടിപ്പടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഷ്‌റഫ് ബാഖവി ഒടിയപാറ പ്രമേയപ്രഭാഷണം നടത്തി. സയ്യിദ് അബ്ദുല്‍ മലിക് ജമലുല്ലൈലി, ബഷീര്‍ ബാഖവി മൂന്നിയൂര്‍, മുഹ്യുദ്ധീന്‍ മന്നാനി, സ്വദഖത്തുല്ലാഹ് മൗലവി കാടാമ്പുഴ എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തിന്റെ ഭാഗമായി നടന്ന മൗലിദ് പാരായണത്തിന് പാണക്കാട് സയ്യിദ് അബ്ദുല്‍ ഖയ്യൂം ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി.ചടങ്ങില്‍ കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട പരപ്പനങ്ങാടി ഖാസി സൈദ് മുഹമ്മദ് കോയ തങ്ങളെ എസ്.വൈ.എഫ് സ്‌റ്റേറ്റ് പ്രസിഡന്റ് സയ്യിദ് ഹാശിം ബാഫഖി തങ്ങള്‍ ഷാള്‍ അണിയിച്ചു. കേന്ദ്ര മുശാവറ അംഗം ബഷീര്‍ ബാഖവി മൊമന്റോ നല്‍കി. കേരള സുന്നി ജമാഅത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മീലാദ് ക്യാംപെയ്ന്‍ ജില്ലാതല സമാപനം ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി എ നജീബ് മൗലവി ഉദ്ഘാടനംചെയ്യുന്നു.