മഞ്ചേരി: യുഡിഎഫ് നഗരസഭാ കൗണ്‍സിലര്‍ തലാപ്പില്‍ അബ്ദുല്‍ ജലീലിന്റെ മരണത്തില്‍ അനുശോചിച്ച് യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഞ്ചേരി നഗരസഭയില്‍ രാവിലെ ആറ് മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ ഹര്‍ത്താല്‍ ആചരിക്കും. പോസ്റ്റ്‌മോര്‍ട്ടത്തിനും പൊതുദര്‍ശനത്തിനും ശേഷം ഖബറടക്കം വരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ നടക്കുന്നതിനാല്‍ പൊതുഗതാഗതത്തെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഹര്‍ത്താലുമായി സഹകരിക്കണമെന്ന് നേതാക്കളായ അഡ്വ.എം ഉമ്മര്‍, വല്ലാഞ്ചിറ മുഹമ്മദാലി, കണ്ണിയന്‍ അബൂബക്കര്‍, എ പി മജീദ് മാസ്റ്റര്‍, ഹനീഫ മേച്ചേരി, അസീസ് ചീരാംതൊടി, വി പി ഫിറോസ് എന്നിവര്‍ അഭ്യര്‍ഥിച്ചു.
ഇരുചക്ര വാഹനത്തിലെത്തിയവരുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലായിരുന്ന മലപ്പുറം മഞ്ചേരി നഗരസഭയിലെ 16ാം വാര്‍ഡ് കൗണ്‍സിലറും മുസ്‌ലിം ലീഗ് നേതാവുമായ തലാപ്പില്‍ അബ്ദുല്‍ ജലീല്‍ (52) ഇന്നലെ രാത്രിയോടെയാണ് മരിച്ചത്. മാര്‍ച്ച് 29ന് രാത്രി 10ഓടെയാണ് ജലീലിനെതിരേ ആക്രമണമുണ്ടായത്. ഇന്നോവ കാറില്‍ സഞ്ചരിക്കുകയായിരുന്ന ജലീലിനെ പിന്നാലെയെത്തിയ സംഘം ആക്രമിച്ച് തലയ്ക്ക് ഗുരുതരമായി പരിക്കേല്‍പ്പിച്ചു. മുമ്പ് ജലീലുമായി പാര്‍ക്കിങ്ങിന്റെ പേരില്‍ ഒരുസംഘം തര്‍ക്കിച്ചിരുന്നതായി സൂചനയുണ്ട്.