പ്രകൃതിക്ഷോഭ മുന്നൊരുക്കം; ഏലംകുളത്ത് മോക് ഡ്രില്‍
പെരിന്തല്‍മണ്ണ താലൂക്കിലെ, ഏലംകുളം വില്ലേജിലെ, വാര്‍ഡ് 14 ല്‍ കൊട്ടാരക്കുത്ത് പ്രദേശം വെള്ളം കയറി ഒറ്റപ്പെട്ടതായി കണക്കാക്കിയാണ് വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങളുടെ മോക്ഡ്രില്‍ സംഘടിപ്പിച്ചത്.
പെരിന്തല്‍മണ്ണ: പ്രകൃതിക്ഷോഭ മുന്നൊരുക്കങ്ങളുടെ ഭാഗമായി വിവിധ വകുപ്പുകള്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും അവലോകനം ചെയ്യുന്നതിനുമായി മലപ്പുറം ജില്ലയിലെ ഏലംകുളം വില്ലേജില്‍ മോക് ഡ്രില്‍ സംഘടിപ്പിച്ചു. പെരിന്തല്‍മണ്ണ താലൂക്കിലെ, ഏലംകുളം വില്ലേജിലെ, വാര്‍ഡ് 14 ല്‍ കൊട്ടാരക്കുത്ത് പ്രദേശം വെള്ളം കയറി ഒറ്റപ്പെട്ടതായി കണക്കാക്കിയാണ് വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങളുടെ മോക്ഡ്രില്‍ സംഘടിപ്പിച്ചത്. മലപ്പുറം ജില്ലയിലെ എല്ലാ താലൂക്കുകളിലും ഓരോ വില്ലേജിലും മോക് ഡ്രില്‍ സംഘടിപ്പിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചതിന്റെ ഭാഗമായിട്ടായിരുന്നു നടപടികള്‍.
കൊട്ടാരക്കുത്ത് പ്രദേശത്ത് വെള്ളം കയറിയ 10 വീടുകളില്‍നിന്നുമായി 43 പേരെ വിവിധ ക്യാംപുകളിലേക്ക് മാറ്റി. പ്രകൃതിക്ഷോഭത്തില്‍ പരിക്കുപറ്റിയ 9 പേര്‍ക്ക് മെഡിക്കല്‍ ടീം ചികില്‍സ നല്‍കി. വെള്ളംകയറി വീട് നഷ്ടപ്പെട്ട 4 കുടുംബങ്ങളെ ഫയര്‍ഫോഴ്‌സും, സിവില്‍ ഡിഫന്‍സ് ഫോഴ്‌സും, പോലിസും ചേര്‍ന്ന് രക്ഷപ്പെടുത്തി. കനത്ത മഴയിലും, കാറ്റിലും മരങ്ങള്‍ വീണ് റോഡ് തടസ്സപ്പെട്ടിരുന്നു. ഇത് ഫയര്‍ഫോഴ്‌സ് മുറിച്ചുമാറ്റി. റവന്യൂവകുപ്പിനു കീഴില്‍ പെരിന്തല്‍മണ്ണ താലൂക്ക് ടീമും, ഏലംകുളം വില്ലേജ് സ്റ്റാഫും, പെരിന്തല്‍മണ്ണ ഫയര്‍ ആന്റ് റസ്‌ക്യു ടീമും, പെരിന്തല്‍മണ്ണ പോലിസും, പെരിന്തല്‍മണ്ണ ബ്ലോക്ക് ഓഫിസ് ടീമും, ഏലംകുളം ഗ്രാമപ്പഞ്ചായത്തും, ഏലംകുളം പ്രാഥമികാരോഗ്യകേന്ദ്രം, ആര്‍ആര്‍ടി വളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ സംബന്ധിച്ചു.
പെരിന്തല്‍മണ്ണ തഹസില്‍ദാര്‍ പി ടി ജാഫറലി, തഹസില്‍ദാര്‍, എല്‍ ആര്‍ ജയശ്രീ, ഏലംകുളം പഞ്ചായത്ത് പ്രസിഡന്റ് കെ ആയിഷ, ബിഡിഒ ഹമീദ, ഫയര്‍ & റസ്‌ക്യൂ എഎസ്ടിഒ സജുകുമാര്‍, പെരിന്തല്‍മണ്ണ പോലിസ് ടക ഷംസുദ്ദീന്‍, പെരിന്തല്‍മണ്ണ ജോയിന്റ് ആര്‍ടിഒ വിനയകുമാര്‍, ഏലംകുളം വില്ലേജ് ഓഫിസര്‍ പി വി ഗിരീഷന്‍, ഏലംകുളം പഞ്ചായത്ത് സെക്രട്ടറി രാജീവ്, മെഡിക്കല്‍ ഓഫിസര്‍ ഡോ:ഫൗസിയ മുസ്തഫ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി എം മനോജ് , 14ാം വാര്‍ഡ് മെംബര്‍ അനില്‍കുമാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ സെബാസ്റ്റ്യന്‍, രഘുനാഥ്, വേണുഗോപാലന്‍, വല്ലഭന്‍, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ജലജ, ഗ്രാമപ്പഞ്ചായത്ത് മെംബര്‍മാരായ ഉണ്ണീന്‍കുട്ടി, ശൈഷാദ്, അബൂബക്കര്‍, അനിത, സ്വപ്‌ന, രമ്യ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.