പി സി അബ്ദുറഹിമാനെ സൗഹൃദവേദി തിരൂര്‍ ആദരിച്ചു

Update: 2022-08-23 07:22 GMT

കല്‍പകഞ്ചേരി: പൊതുജീവിതത്തില്‍ തൊട്ടതെല്ലാം പൊന്നാക്കി മാതൃകാ യോഗ്യനായി മുന്നേറുന്ന പി സി അബ്ദുറഹിമാനെ സൗഹൃദവേദി,തിരൂര്‍ ആദരിച്ചു. കറുക്കോള്‍ ഓട്ടുകാരപ്പുറത്തെ വീട്ടിലെത്തി ബന്ധുക്കളേയും,സുഹൃത്തുക്കളേയും,അയല്‍വാസികളേയും പങ്കെടുപ്പിച്ച് നടത്തിയ സ്‌നേഹസംഗമത്തിലായിരുന്നു ആദരിക്കല്‍ ചടങ്ങ്.

മുസ്‌ലിം ലീഗ്,എല്‍ഐസി,എംഇഎസ്,കെഎംഇഎ മുതലായ വിവിധ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ സംഘടനകളുടെ നേതൃസ്ഥാനം വഹിച്ച വ്യക്തിത്വമായിരുന്നു പി സി എന്ന് ആദരിക്കല്‍ ചടങ്ങില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.1963ല്‍ ആദ്യമായി പഞ്ചായത്ത് അംഗമായി തിരെഞ്ഞെടുക്കപ്പെട്ടപ്പോള്‍ അദ്ദേഹമായിരുന്നു അന്നത്തെ കോഴിക്കേട് ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം.

നാട്ടിലെ എല്ലാ വികസന പ്രവര്‍ത്തനങ്ങളുടെയും ചുക്കാന്‍ പിടിച്ചിരുന്നത് പി സി ആയിരുന്നുവെന്ന് ആദരിക്കല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്ത വളവനൂര്‍ പഞ്ചായത്തു പ്രസിഡന്റ് നജ്മത്ത് പറഞ്ഞു. ഇന്ന് കാണുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പള്ളികള്‍, റോഡുകള്‍ പാലങ്ങള്‍ അഴുക്കുചാലുകള്‍, കുളങ്ങള്‍, സര്‍ക്കാര്‍ കെട്ടിടങ്ങള്‍ എന്നിവയുടെ പിന്നിലെല്ലാം അദ്ദേഹത്തിന്റെ നിതാന്ത പ്രരിശ്രമം ഉണ്ടായിട്ടുണ്ട്. അതിനാല്‍ തന്നെ വരുംതലമുറയും അദ്ദേഹത്തെ നിറഞ്ഞ മനസ്സോടെത്തന്നെ ഓര്‍ക്കുമെന്നും അവര്‍ പറഞ്ഞു.

സൗഹൃദവേദി, തിരൂര്‍ പ്രസിഡന്റ് കെ പി ഒ റഹ്മത്തുല്ല  പരിപാടിയില്‍ അദ്ധ്യക്ഷത വഹിച്ചു.മണ്ണിങ്ങല്‍ മുഹമ്മദ് കുട്ടി ഹാജി, മുന്‍ മന്ത്രി കുട്ടി അഹമ്മദ് കുട്ടി,പി സി കോയാമു ഹാജി, അബ്ദുല്‍ കാദര്‍ കൈനിക്കര ,ഷമീര്‍ കളത്തിങ്ങല്‍, മോയിന്‍ ബാബു, ഡോ ഹസ്സന്‍ ബാബു, അഡ്വ കെ പി മറിയുമ്മ, എല്‍ഐസി മാനേജര്‍ പ്രമോദ്,കൃഷ്ണപ്രഭ, നസീബ അസീസ്, കെഎംഇഎ സെക്രട്ടറി റിയാസ് അഹമ്മദ്, കെപിഎ അബ്ദുല്‍ മജീദ്,ബൈജു ജാന്‍ എന്നിവര്‍ സംസാരിച്ചു.

Similar News