പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷന്റെ ഗസല്‍ മഴ പെയ്തിറങ്ങിയ 'പൊന്നോത്സവ്'
ഷാര്‍ജ: യുഎഇ അമ്പത്തി മൂന്നാം ദേശീയ ദിനത്തോടനുബന്ധിച്ച് പൊന്നാനി താലൂക്ക് നിവാസികളുടെ ആഗോള സംഘടന പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷന്‍ സഫാരി മാളില്‍ സംഘടിപ്പിച്ച പൊന്നോത്സവ് സീസണ്‍ 7 ആസ്വാദക ഹൃദയങ്ങളില്‍ ഗസല്‍ മഴ തീര്‍ത്തു. യുവ ഗായക ദമ്പതികളായ റാസ റസാഖും ഇംതിയാസ് ബീഗവും ആലാപന മികവ് കൊണ്ടും വ്യത്യസ്ത ഭാഷയിലുള്ള ഗാനങ്ങള്‍ കൊണ്ടും സംഗീത സ്‌നേഹികളുടെ മനവും മെയ്യും കുളിര്‍പ്പിച്ചു.
ഗുലാം അലി, മെഹ്ദി ഹസ്സന്‍, പങ്കജ് ഉധാസ് തുടങ്ങിയ ഗസല്‍ ചക്രവര്‍ത്തിമാരുടെ പ്രശസ്തമായ ഗസലുകളോടൊപ്പം, ബാബുരാജ്, ഉമ്പായി എന്നിവര്‍ മലയാളത്തിനു സമ്മാനിച്ച പ്രണയ-വിരഹ ഗാനങ്ങളും സദസ്സ് വേണ്ടുവോളം ആസ്വദിച്ചു. യു.എ.ഇയിലെ ഗസല്‍ ആസ്വാദകര്‍ക്ക് വേറിട്ടൊരു അനുഭവമൊരുക്കിയ ഈ ചടങ്ങിലേക്ക് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരങ്ങള്‍ എത്തിച്ചേര്‍ന്നു.
ദേശീയ ദിന സന്ദേശം, വനിതാ സംഗമം, സാംസ്‌കാരിക സമ്മേളനം, ബിസിനസ്സ് എക്‌സിലന്‍സ് അവാര്‍ഡ് വിതരണം, ദഫ് മുട്ട്, ഒപ്പന തുടങ്ങിയ വിവിധ കലാ പരിപാടികള്‍, പങ്കെടുത്തവര്‍ക്കെല്ലാം നറുക്കെടുപ്പിലൂടെ സമ്മാന വിതരണം തുടങ്ങിയവ പൊന്നോത്സവിന്റ ഭാഗമായി നടന്നു. സാംസ്‌കാരിക സമ്മേളനം യു എ ഇ യിലെ പ്രമുഖ എഴുത്തുകാരി ഡോ: മറിയം ഷിനാസ്വി ഉദ്ഘാടനം ചെയ്തു. സി എസ് പൊന്നാനി മുഖ്യ പ്രഭാഷണം നടത്തി. മുഹമ്മദ് അനീഷ് അധ്യക്ഷത വഹിച്ചു. ദേശീയ ദിന ചടങ്ങ് സഫാരി ഗ്രൂപ്പ് എം ഡി സൈനുല്‍ ആബിദ് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.