തിരൂര്‍: സീനിയര്‍ സര്‍ജനും മുന്‍ മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫിസറുമായ ഡോ.പി വി എ കെ ബാവയെ സൗഹൃദവേദി തിരൂര്‍ ആദരിക്കുന്നു. ജൂണ്‍ 19 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് തിരൂര്‍ തുഞ്ചന്‍പറമ്പിലാണ് പരിപാടി.
പരിപാടിയില്‍ മന്ത്രി വി അബ്ദുറഹിമാന്‍, എംഎല്‍എ മാരായ കുറുക്കോളി മൊയ്തീന്‍,അഡ്വ.എന്‍ ഷംസുദ്ധീന്‍, പി നന്ദകുമാര്‍, കേരള പിഎസ്‌സി ചെയര്‍മാന്‍ അഡ്വ.എം കെ സക്കീര്‍,തിരൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ എ പി നസീമ, മലബാര്‍ ഗോള്‍ഡ് ചെയര്‍മാന്‍ എം പി അഹമ്മദ്, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ.സാമുവല്‍ കോശി, എംഇഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ.കടവനാട് മുഹമ്മദ്, ആസ്റ്റര്‍ മിംസ് ഡയറക്ടര്‍ എഞ്ചിനീയര്‍ അഹമ്മദ് മൂപ്പന്‍, കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി പി എം ഷാഹുല്‍ ഹമീദ് തുടങ്ങി സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും.
1938ല്‍ പൊന്നാനിയിലാണ് പാലത്തം വീട്ടില്‍ അഹമ്മദ് കുഞ്ഞിബാവ എന്ന ഡോക്ടര്‍ പി വി എ കെ ബാവ ജനിച്ചത്. പിതാവ് എം പി ഒ മുഹമ്മദും ഉമ്മ നഫീസയുമായിരുന്നു. ടിഐ യുപി സ്‌കൂള്‍, എംഐ ഹൈസ്‌കൂള്‍, ഫാറൂഖ് കോളജ്, പാലക്കാട് വിക്‌ടോറിയ കോളജ്, കോഴിക്കോട് കോട്ടയം മെഡിക്കല്‍ കോളജുകള്‍ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. എംബിബിഎസിനുപുറമെ, എംഎസ് ബിരുദാനന്തര ബിരുദമെടുത്തത് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നാണ്. കോട്ടയം മെഡിക്കല്‍ കോളജ്, പാലക്കാട്, കണ്ണൂര്‍ ഗവ.ജില്ലാ ആശുപത്രികള്‍, തലശ്ശേരി,പൊന്നാനി,വടകര,തിരൂര്‍ ഗവ.ആശുപത്രികളില്‍ സേവനമനുഷ്ടിച്ചു.
തിരൂര്‍ ജില്ലാ ആശുപത്രിയില്‍ സൂപ്രണ്ടറായിരിക്കെ പ്രെമോഷനോടുകൂടി മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫിസറായി. 1993 ല്‍ വിരമിച്ച ശേഷം വിവിധ സ്വകാര്യ ആശുപത്രികളില്‍ സേവനമനുഷ്ടിച്ചു. തലശ്ശേരി,കണ്ണൂര്‍ ആശുപത്രികളില്‍ ഡോക്ടര്‍ ആയിരിക്കുമ്പോള്‍ ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മുന്‍ മന്ത്രി എം വി രാഘവന്‍, മുന്‍ എംഎല്‍എ പാട്യം രാജഗോപാല്‍ എന്നിവരെ ചികില്‍സിച്ചിരുന്നു. പൊന്നാനിയിലെ പ്രമുഖമായ മഖ്തൂം കുടുംബത്തിലെ അംഗമാണ്. എംഇഎസ്, എംഎസ്എസ്,ഐഎംഎ, പെയിന്‍ & പാലിയേറ്റീവ് തുടങ്ങിയ സംഘടനകളില്‍ സജീവമായിരുന്നു.
പിവിഎസ് ആശുപത്രിയിലെ ഡോ.ജയരാജ് , ബേബി ഹോസ്പറ്റലിലെ ടി പി ജോസഫ്, പരേതയായ മുന്‍ ഡിഎംഒ ഡോ.റാബിയ, പരേതനായ മുന്‍ പിഎസ്‌സി അംഗം ടി എം സാവാന്‍കുട്ടി, തിരൂരിലെ ഡോ. കെ ആലിക്കുട്ടി എന്നിവരെല്ലാം സഹപ്രവര്‍ത്തകരാണ്. 1983 മുതല്‍ തിരൂരില്‍ താമസിക്കുന്ന ഇദ്ദേഹത്തിന് ഇപ്പോള്‍ 84 വയസ്സുണ്ട്. പൊന്നാനിയിലെ നഫീസയാണ് ഭാര്യ. ഡോ. ഹസ്സന്‍ ബാബു, ഫാത്തിമ ബീവി എന്നിവര്‍ മക്കളാണ്. തിരൂര്‍, പൊന്നാനി സര്‍ക്കാര്‍ ആശുപത്രികളുടെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ നിരന്തരം ശ്രമിച്ച് ജയിച്ച ഡോ.ബാവ ശസ്ത്രക്രിയ വിദഗ്ധന്‍ എന്ന നിലയിലാണ് പ്രശസ്തനായിട്ടുള്ളത്.
വാര്‍ത്താസമ്മേളനത്തില്‍ സൗഹൃദവേദി തിരൂര്‍ പ്രസിഡന്റ് കെ പി ഒ റഹ്മത്തുല്ല, വൈസ് പ്രസിഡന്റുമാരായ പി പി ഏനുദ്ദീന്‍ കുട്ടി ഹാജി, ജനറല്‍ സെക്രട്ടറി കെ കെ അബ്ദുറസാഖ് ഹാജി, ജോ.സെക്രട്ടറിമാരായ അബ്ദുല്‍ ഖാദര്‍ കൈനിക്കര, ഷമീര്‍ കളത്തിങ്ങല്‍ എന്നിവര്‍ പങ്കെടുത്തു.