കാലവര്‍ഷം കലിതുള്ളിയപ്പോള്‍ ഭീതിയിലായ കുടുംബങ്ങള്‍ക്ക് രക്ഷകരായി എസ് ഡി പി ഐയും സന്നദ്ധ സംഘടനകളും

Update: 2024-07-28 09:08 GMT

തിരൂരങ്ങാടി: കാലവര്‍ഷ കുത്തൊഴുക്കില്‍ പുഴ നിറഞ്ഞ് ഒഴുകിയപ്പോള്‍ ഇടിഞ്ഞ് വീണ കരഭാഗത്ത് ഭീതിയിലായ കുടുംബങ്ങളുടെ രക്ഷക്കെത്തിയത് എസ്.ഡി.പി.ഐയും സന്നദ്ധ സംഘടനകളും. തിരൂരങ്ങാടി മുന്‍സിപ്പാലിറ്റിയിലെ പനമ്പുഴ വെള്ളിനിക്കാട് പ്രദേശത്താണ് ഭീതിയിലായ വീട്ടുകാരുടെ രക്ഷക്ക് ജനകീയമായി രംഗത്തിറങ്ങിയത് .കാലവര്‍ഷത്തെ തുടര്‍ന്ന് ഒന്നര മാസം മുന്നെ കരഭാഗം കുറെശ്ശെ തകരുകയും, ഇപ്പോള്‍ വീടുകള്‍ പുഴയിലേക്ക് പതിക്കുന്ന ഘട്ടത്തിലുമായ സ്ഥിതിയെ കുറിച്ച് മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

തങ്ങളുടെ ദയനീയസ്ഥിതി തിരിച്ചറിഞ്ഞ് രക്ഷക്കെത്താന്‍ അധികാരികള്‍ തുനിഞ്ഞിരുന്നില്ല. പലരും സന്ദര്‍ശിച്ച് ആശ്വാസിപ്പിച്ച് കടന്ന് പോയതല്ലാതെ പരിഹാരം കണ്ടിരുന്നില്ല. ഒരാഴ്ച മുന്നെ എസ് ഡി പി ഐ ജില്ല കമ്മിറ്റി അംഗം ഹമീദ് പരപ്പനങ്ങാടിയുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിക്കുകയും താല്‍ക്കാലിക രക്ഷക്കാവശ്യമായ സംവിധാനം ഒരുക്കാന്‍ പ്രവര്‍ത്തകര്‍ സജ്ജമാണെന്ന് അറിയിച്ചിരുന്നെങ്കിലും, ഫണ്ടും മറ്റും നല്‍കി ദിവസങ്ങള്‍ക്കകം പരിഹാരം കാണാമെന്ന മുന്‍സിപ്പല്‍ ഭരണകക്ഷി നേതാക്കളുടെ ഉറപ്പില്‍ താല്‍ക്കാലിക ബണ്ട് നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തനം നിലക്കുകയായിരുന്നു.

ഒന്നരമാസമായിട്ടും തങ്ങളുടെ ദുരിതത്തിന് പരിഹാരം കാണാത്തതിനെതുടര്‍ന്ന് വീണ്ടും വീട്ടുകാര്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ ബന്ധപെടുകയായിരുന്നു. തിരൂരങ്ങാടി യൂണിറ്റി ട്രസ്റ്റ് പ്രവര്‍ത്തകരും, ടി.എസ്.എ ഫുട്‌ബോള്‍ കമ്മിറ്റിയും നിര്‍മ്മാണത്തിനാവശ്യമായ സാമഗ്രികള്‍ സ്‌പോണ്‍സര്‍ ചെയ്തതോടെ നാടിന്റെ വികസനത്തിനും ദുരിതത്തിനും പുറം തിരിഞ്ഞ് നില്‍ക്കുന്ന അധികാരികള്‍ക്കെതിരെയുള്ള ജനകീയ പ്രതിഷേധമായി ജന സേവനത്തിലൂടെ മറുപടി നല്‍കിയിരിക്കുകയാണ്.

നാടിന്റെ ദുരിതങ്ങള്‍ക്ക് നേരെ പുറം തിരിഞ്ഞ് നില്‍ക്കുന്ന അധികരികള്‍ക്കെതിരെയുള്ളതാക്കിത് കൂടിയാണ് ജനകീയ നിര്‍മ്മാണ പ്രവര്‍ത്തിയിലൂടെ തെളിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. എസ്.ഡി.പി.ഐ ജില്ല പ്രസിഡന്റ് അന്‍വര്‍ പഴഞ്ഞ്, ജില്ല സെക്രട്ടറി ഷരിഖാന്‍മാസ്റ്റര്‍, ജില്ല എസ്.ഡി.പി.ഐ വളണ്ടിയര്‍ കോഡിനേറ്റര്‍ ഹമീദ് പരപ്പനങ്ങാടി, തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് ജാഫര്‍, സെക്രട്ടറി ഉസ്മാന്‍ ഹാജി,' സംസാരിച്ചു. ടി.എസ് എ ഭാരവാഹികളായ അരിമ്പ്ര സുബൈര്‍, യൂണിറ്റി ട്രസ്റ്റ് ഭാരവാഹികളായ മനരിക്കല്‍ അമര്‍ , മുനീര്‍, മാക്ക് സവന്‍ കൂട്ടായ്മ പ്രവര്‍ത്തകര്‍, എസ്.ഡി പി.ഐ മുന്‍സിപ്പല്‍ ഭാരവാഹികളായ ഹബീബ്, മുഹമ്മദലി , സിദ്ധീഖ്, സലാം കളത്തിങ്ങല്‍ല്‍ നേതൃതൃത്വം നല്‍കി.




Tags:    

Similar News