ദേശീയ രാഷ്ട്രീയത്തില്‍ എസ്ഡിപിഐയുടെ പ്രസക്തി വര്‍ധിച്ചു: പ് അബ്ദുല്‍ മജീദ് ഫൈസി
മലപ്പുറം: കര്‍ണാടക തിരഞ്ഞെടുപ്പ് ഫലം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ദേശീയ രാഷ്ട്രീയത്തില്‍ എസ്ഡിപിഐയുടെ പ്രസക്തി വര്‍ധിപ്പിച്ചെന്ന് എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ മജീദ് ഫൈസി പറഞ്ഞു. മലപ്പുറം വള്ളുവമ്പ്രം ആരോമ ഓഡിറ്റോറിയത്തില്‍ നടന്ന ജില്ലാ പ്രതിനിധിസഭയില്‍ സമാപന സെഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 14 വര്‍ഷമായി പാര്‍ട്ടി ദേശീയതലത്തില്‍ നടത്തിക്കൊണ്ടിരുന്ന രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും പ്രചാരണങ്ങളും രാജ്യത്തെ ജനങ്ങള്‍ പ്രതീക്ഷയോടെ ഏറ്റെടുക്കുന്ന കാഴ്ചയാണ് രാജ്യത്തുടനീളം കണ്ടുകൊണ്ടിരിക്കുന്നത്. എസ്ഡിപിഐയ്ക്ക് രാഷ്ട്രീയ ഇടം ഉണ്ടാവില്ലെന്ന് പറഞ്ഞവര്‍ മലപ്പുറം ജില്ലയില്‍ ഉണ്ടായിരുന്നു. ഇന്ന് അവര്‍ തന്നെ ആ തെറ്റ് സമ്മതിക്കേണ്ട അവസ്ഥയാണ് വന്നിട്ടുള്ളത്. 14 വര്‍ഷം മുമ്പ് എന്താണോ പാര്‍ട്ടി മുന്നറിയിപ്പ് നല്‍കിയത് അത് ഇന്ന് രാജ്യത്ത് ഏറ്റുപിടിക്കാന്‍ മറ്റു പാര്‍ട്ടികളും തയ്യാറായിരിക്കുന്നു. രാജ്യത്തിന്റെ അധിനിവേശ വിരുദ്ധ സമരങ്ങളില്‍ പ്രധാന പങ്ക് വഹിച്ച മലപ്പുറം ജില്ലയിലും പാര്‍ട്ടിയുടെ വളര്‍ച്ച പ്രശംസനീയമാണെന്നും കൂടുതല്‍ വളര്‍ച്ചയിലേക്ക് എത്തിക്കാന്‍ ഈ ഇടക്കാല പ്രതിനിധി സഭ കൊണ്ട് സാധ്യമാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ജില്ലാ പ്രസിഡന്റ് ഡോ. സി എച്ച് അഷ്‌റഫ് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എ സൈതലവി ഹാജി മലപ്പുറം ജില്ലയുടെ സമ്പൂര്‍ണമായ വികസനത്തിന് മലപ്പുറം ജില്ല വിഭജിച്ച് തിരൂര്‍ ആസ്ഥാനമാക്കി ജില്ല രൂപീകരിക്കണമെന്നും, ജില്ലാ ഖജാഞ്ചി കെ സി സലാം ജില്ലയിലെ മലയോര കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നും, ജില്ലാ സെക്രട്ടറി സുനിയാ സിറാജ് ജില്ലയിലെ വിദ്യാഭ്യാസ രംഗത്തെ അവഗണനക്ക് ശാശ്വതമായ പരിഹാരം കാണാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണമെന്നും ജില്ലാ സെക്രട്ടറി അഡ്വ. കെ സി നസീര്‍ ലൈഫ് മിഷന്‍-സര്‍ക്കാര്‍ ഭവന പദ്ധതികള്‍ അര്‍ഹരായവര്‍ക്ക് സമയബന്ധിതമായി ലഭ്യമാക്കണമെന്നും ജില്ലാ സെക്രട്ടറി ഉസ്മാന്‍ കരുളായി ജില്ലയിലെ തീരദേശത്തിന്റെയും തീരദേശവാസികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നും ജില്ലാ സെക്രട്ടറി ഷെരീഖാന്‍ മാസ്റ്റര്‍ ജില്ലയിലെ ആരോഗ്യരംഗത്തെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നും അധികാരികളോട് ആവശ്യപ്പെട്ട് പ്രതിനിധി സഭയില്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു.