പൊന്നാനി: ലോക്ക് ഡൗണിന്റെ മറവില്‍ പൊന്നാനിയില്‍ ബാര്‍ അനുവദിച്ച സര്‍ക്കാര്‍ നടപടിക്കെതിരേ സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പ്രതിഷേധവുമായി എസ്ഡിപി ഐ രംഗത്ത്. സംസ്ഥാനത്ത് പുതുതായി അനുവദിച്ച ആറ് ബാറുകളില്‍ ഒന്ന് പൊന്നാനിയിലാണ്. പൊന്നാനിയുടെ മഹിതമായ പാരമ്പര്യത്തിന് കടകവിരുദ്ധമായി ബാര്‍ അനുവദിച്ചത് കേരള സര്‍ക്കാരിന്റെ ജന വിരുദ്ധ നയങ്ങളിലൊന്നാണ്. മാസ്‌ക്ക് ധരിച്ചതുകൊണ്ട് നിശബ്ദമാക്കാനാവില്ലെന്ന് ഭരണാധികാരികള്‍ തിരിച്ചറിയണം.
മദ്യ ലോബിക്ക് ഓശാന പാടുന്ന സ്പീക്കറുടെയും നഗരസഭാ ഭരണ സമിതിയുടെയും മൗനാനുവാദത്തോടെയാണ് പൊന്നാനിയില്‍ ബാര്‍ അനുവദിച്ചത്. ഈ ലോക്ക് ഡൗണ്‍ കാലത്തും ഇത്തരം നെറികേടുകള്‍ കണ്ടുനില്‍ക്കാനാവില്ലെന്നു തിരിച്ചറിഞ്ഞാണ് വേറിട്ട പ്രധിഷേധവുമായി എസ് ഡിപി ഐ പൊന്നാനി മുന്‍സിപ്പല്‍ കമ്മിറ്റി രംഗത്തെത്തിയത്. പാര്‍ട്ടിയുടെ വിവിധ ബ്രാഞ്ചുകള്‍ക്ക് കീഴില്‍ പ്രവര്‍ത്തകര്‍ അവരരുടെ വീടുകളിലിരുന്നാണ് സമരകാഹളമുയര്‍ത്തിയത്. പൊന്നാനിയിലെ കക്ഷി-രാഷ്ട്രീയ ഭേദമന്യേയുള്ള മുഴുവന്‍ ജനങ്ങളും സാമൂഹിക മാധ്യമ പ്രതിഷേധത്തില്‍ പങ്കാളികളാവണമെന്നും പിന്തുണ നല്‍കണമെന്നും എസ് ഡിപിഐ പൊന്നാനി മുനിസിപ്പല്‍ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.