ഒരു രൂപയ്ക്ക് വാഷിങ് മെഷീനും കുക്കറും, ഏതെടുത്താലും 200 രൂപ മാത്രം; പരസ്യം കണ്ട് ജനം ഇരച്ചെത്തി, സംഘര്‍ഷം

Update: 2022-01-03 13:36 GMT

മലപ്പുറം: ആദായ വില്‍പന ശാലയില്‍ ജനം ഇരച്ചെത്തിയതിന് പിന്നാലെ സംഘര്‍ഷം. ഒരു രൂപയ്ക്ക് വാഷിങ് മെഷീനും കുക്കറും നല്‍കുന്നുണ്ടെന്ന് മലപ്പുറം കൊണ്ടോട്ടിയിലെ ആദായ വില്‍പനശാല നല്‍കിയ പരസ്യത്തിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. ഇന്ന് രാവിലെയായിരുന്നു സംഭവം. കൊണ്ടോട്ടി ബൈപാസ് റോഡില്‍ താല്‍ക്കാലിക ഷെഡില്‍ പ്രവര്‍ത്തിക്കുന്ന 'ഏതെടുത്താലും 200 രൂപ മാത്രം' എന്ന പേരില്‍ പത്ത് രൂപ മുതല്‍ 200 രൂപ വരെയുള്ള ഗൃഹോപകരണ വില്‍പന ശാലയിലാണ് സംഘര്‍ഷമുണ്ടായത്. സ്ഥാപന ഉടമകള്‍ ഇന്നലെ പത്രത്തിലൂടെയും മറ്റുമായും വിതരണം ചെയ്ത നോട്ടീസില്‍ ഒന്നാം തിയ്യതി മുതല്‍ ഒരു രൂപയ്ക്ക് വാഷിങ് മെഷിന്‍, ഗ്യാസ് സ്റ്റൗ, മിക്‌സി, ഓവന്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ നല്‍കുമെന്ന് പറഞ്ഞിരുന്നു.

എന്നാല്‍, നോട്ടീസില്‍ നിബന്ധനകള്‍ക്ക് വിധേയമെന്നും ദിവസേനയുള്ള നറുക്കെടുപ്പിലൂടെയെന്നും എഴുതിയിരുന്നു. ഇത് മനസ്സിലാക്കാതെ എത്തിയ ആള്‍ക്കാരാണ് സ്ഥാപനത്തില്‍ സംഘര്‍ഷം സൃഷ്ടിച്ചത്. നോട്ടീസ് വായിച്ച് സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ സ്ഥാപനം തുറക്കുന്നതിന് മുമ്പുതന്നെ എത്തിയിരുന്നു. 11 മണിയായപ്പോഴേയ്ക്ക് കൂടുതല്‍ പേര്‍ സ്ഥാപനത്തിലെത്തി. ഒരു രൂപയ്ക്ക് സാധനങ്ങള്‍ ലഭ്യമാവുമെന്ന പ്രതീക്ഷയിലാണ് ആള്‍ക്കൂട്ടം എത്തിയത്.

ഒരു രൂപയ്ക്ക് സാധനങ്ങള്‍ ആവശ്യപ്പെട്ട ഉപഭോക്താക്കളോട് നിബന്ധനയ്ക്ക് വിധേയമാണെന്ന് ജീവനക്കാര്‍ പറഞ്ഞെങ്കിലും ഇവര്‍ കൂട്ടാക്കിയില്ല. ഇതോടെ വാക്കേറ്റവും സംഘര്‍ഷവുമായി. ചിലര്‍ ചെരുപ്പുകള്‍ ഉള്‍പ്പടെ ഏതാനും വസ്തുക്കള്‍ അപഹരിക്കുകയും ചെയ്തു. സംഘര്‍ഷം രൂക്ഷമായതോടെ സ്ഥാപന ഉടമകള്‍ പോലിസില്‍ വിവരമറിച്ചു. പോലിസെത്തി സംഘര്‍ഷക്കാരെ വിരട്ടി ഓടിച്ചു. വില്‍പന നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. നറുക്കെടുപ്പും ഓഫറുകളും ഒഴിവാക്കാന്‍ പോലിസ് നിര്‍ദേശം നല്‍കി. സ്ഥാപനം ഞായറാഴ്ച മുതല്‍ സാധാരണ പോലെ പ്രവര്‍ത്തിക്കുമെന്ന് ഉടമകള്‍ പറഞ്ഞു. സ്ഥാപനത്തില്‍ സംഘര്‍ഷമുണ്ടാക്കിയവരെ സിസിടിവി മുഖേന തിരിച്ചറിഞ്ഞിട്ടുണ്ട്.

Tags:    

Similar News