താനൂര്‍ ബോട്ടപകടം: യൂത്ത് കോണ്‍ഗ്രസ്സ് മന്ത്രിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി
താനൂര്‍ ശോഭപറമ്പില്‍ നിന്നുമാരംഭിച്ച മാര്‍ച്ച് മന്ത്രിയുടെ ക്യാമ്പ് ഓഫീസിന് മുമ്പില്‍ പോലീസ് ബാരിക്കേട് കെട്ടി തടഞ്ഞു.
താനൂര്‍: താനൂര്‍ ബോട്ടപകടം സര്‍ക്കാര്‍ നിര്‍മിതമാണന്നും,സര്‍ക്കാര്‍ നിര്‍മിത ദുരന്തത്തില്‍ ആരോപണ വിധേയരായ മന്ത്രിമാര്‍ മുഹമ്മദ് റിയാസ്,വി അബ്ദുറഹിമാന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ കമ്മിറ്റി താനൂരിലെ മന്ത്രി അബ്ദുറഹ്‌മാന്റെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. മല്‍സ്യ ബന്ധനത്തിന് ഉപയോഗിച്ചിരുന്ന തോണി ഉപയോഗിച്ച് ബോട്ടാക്കി മാറ്റി ടൂറിസം വകുപ്പിന്റെ അനുമതിയോ മതിയായ രേഖകളോ ഇല്ലാതെ പ്രവര്‍ത്തിച്ച് സര്‍ക്കാര്‍ വരുത്തി വെച്ച ദുരന്തമാണ് താനൂരില്‍ നടന്നതെന്ന് ഉദ്ഘാടനം ചെയ്തു കൊണ്ട് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി ബല്‍റാം പറഞ്ഞു. 15 പേരെ കയറ്റാവുന്ന ബോട്ടില്‍ കുട്ടികളടക്കം ഇരട്ടിയിലധികം ആളുകളെ കയറ്റി ക്ഷണിച്ചു വരുത്തിയ ദുരന്തമാണന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താനൂര്‍ ശോഭപറമ്പില്‍ നിന്നുമാരംഭിച്ച മാര്‍ച്ച് മന്ത്രിയുടെ ക്യാമ്പ് ഓഫീസിന് മുമ്പില്‍ പോലീസ് ബാരിക്കേട് കെട്ടി തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകരും പോലീസും തമ്മില്‍ സംഘര്‍ഷ മുണ്ടായി. യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് ഷാജി പച്ചേരി അധ്യക്ഷത വഹിച്ചു.
ഡിസിസി പ്രസിഡന്റ് അഡ്വ. വി.എസ് ജോയ്,ദേശീയ കോണ്‍ഗ്രസ്സ് വക്താവ് ഷമ മുഹമ്മദ്,യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന ഭാരവാഹികളായ യു.കെ അഭിലാഷ്,എ.എം രോഹിത്,ജില്ലാ ഭാരവാഹികളായ അഷ്റഫ് കുഴിമണ്ണ,എ.കെ ഷാനിദ്,ഷാജി കട്ടുപ്പാറ,ജംഷീര്‍ പാറയില്‍,ഉമറലി കരേക്കാട്,ഇസ്മായില്‍ കോനോത്ത്,ലിജേഷ് പൊന്നാനി,ഹൈബല്‍ പാലപ്പെട്ടി,ഷാജു കാട്ടാകത്ത്,റാഷിദ് പൂക്കോട്ടൂര്‍,നാസില്‍ പൂവില്‍,പി.ടി റിയാസലി,കെ.എസ്.യു ജില്ലാ പ്രസിഡന്റ് ഇ.കെ അന്‍ഷിദ്,ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റുമാരായ വൈ.പി ലത്തീഫ്,പി വാസുദേവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.