താനൂര്‍ കസ്റ്റഡി കൊലപാതകം: സമരം നിയമസഭക്ക് മുന്നിലേക്കും വ്യാപിപ്പിക്കാന്‍ ആക്ഷന്‍ കൗണ്‍സില്‍
തിരൂരങ്ങാടി : കസ്റ്റഡിയിലെടുത്ത് പോലിസുകാരാല്‍ കൊലചെയ്യപ്പെട്ട താമിര്‍ ജിഫ്രിയുടെ ഘാതകരെ കണ്ടെത്തി ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് നിയമസഭയുടെ മുന്നിലേക്കും സമരം വ്യാപിപ്പിക്കാന്‍ ആക്ഷന്‍ കൗണ്‍സില്‍ തീരുമാനം. കഴിഞ്ഞ ഒന്നാം തിയ്യതി താനൂര്‍ പോലിസ് സ്റ്റേഷനില്‍ കസ്റ്റഡിയില്‍ ക്രൂരമര്‍ദ്ദനങ്ങളെ തുടര്‍ന്ന് കൊല്ലപെട്ട മമ്പുറം സ്വദേശി താമിര്‍ ജിഫ്രിയുടെ കേസുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ, സാമൂഹ്യ സംഘടനകളുടെ ആഭിമുഖ്യത്തില്‍ രൂപീകരിച്ച ആക്ഷന്‍ കൗണ്‍സില്‍ കഴിഞ്ഞ ദിവസം മലപ്പുറം കലക്ട്രേറ്റിന് മുന്നില്‍ ഉപവാസ സമരം സംഘടിപ്പിച്ചിരുന്നു. എം.എല്‍എമാര്‍, വിവിധ രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ പങ്കെടുത്ത പരിപാടിയില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്.
ജിഫ്രിയുടെ കൊലയാളികളായ മുഴുവന്‍ പേരേയും, കൊലപാതകത്തെ മറച്ച് വെയ്ക്കാനും, സഹായിക്കുകയും ചെയ്ത മലപ്പുറം എസ്.പി. അടക്കമുള്ളവരെ സസ്‌പെന്റ് ചെയ്യണമെന്നും മുഴുവന്‍ നേതാക്കളും ആവശ്യപെട്ടിരുന്നു. ശക്തമായ പ്രതിഷേധങ്ങളും , കൊലപാതകത്തിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ തുടര്‍കഥയായി പുറത്ത് വന്നിട്ടും ഔദ്യോഗികസ്ഥാനത്തിരുന്ന് കേസ് അട്ടിമറിക്കാന്‍ എസ്.പി അടക്കമുള്ളവര്‍ ശ്രമിമിക്കുന്നെന്ന വിലയിരുത്തലിലാണ് സമരം തിരുവനന്തപുരത്തിലേക്ക് മാറ്റാന്‍ തീരുമാനിച്ചിരിക്കുന്നത്.
അതിന്റെ മുന്നോടിയായി ഈ മാസം 29ാം തീയതി മമ്പുറത്ത് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സര്‍വ്വകക്ഷി പ്രതിഷേധ സംഗമം നടത്താന്‍ തീരുമാനിച്ചു. യോഗത്തില്‍ ചെയര്‍മാന്‍ കാവുങ്ങല്‍ ലിയാ കലി അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ മൂസ എം ടി സ്വാഗതം പറഞ്ഞു. വര്‍ക്കിംഗ് ചെയര്‍മാന്‍ റഫീഖ് മമ്പുറം വൈസ് ചെയര്‍മാന്‍മാരായ ബഷീര്‍ ചാലില്‍ ഹുസൈന്‍, നരിക്കോടന്‍ സിദ്ദീഖ് ഹമീദ് പി കെ അബ്ദുറഹ്‌മാന്‍ കാട്ടേരി, ഷമീര്‍ കൈതകത്തെ സെയ്തലവി, കാട്ടേരി റഷീദ് , സലാം വീട്ടി തുടങ്ങിയവര്‍ സംസാരിച്ചു.