മനുഷ്യനെ മനുഷ്യനാക്കിത്തീര്‍ക്കുന്ന വിദ്യാഭ്യാസമാണ് കാലഘട്ടത്തിന്റെ ആവശ്യം; അലിയാര്‍ ഖാസിമി

അക്കാദമി പ്രിന്‍സിപ്പാള്‍ ഡോ. അശ്‌റഫ് കല്‍പ്പറ്റ അധ്യക്ഷത വഹിച്ചു

Update: 2023-10-05 17:14 GMT

മഞ്ചേരി: മനുഷ്യനെ എങ്ങനെ മൃഗമാക്കിത്തീര്‍ക്കാമെന്ന് ചിന്തിക്കുകയും അതിനു വേണ്ടി ആസൂത്രിതമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്നും ഈ സാഹചര്യത്തില്‍ മനുഷ്യനെ മനുഷ്യനാക്കിത്തീര്‍ക്കുന്ന പണ്ഡിതന്മാരെ നിര്‍മിക്കുക എന്ന ദൗത്യമാണ് ഗ്രീന്‍ വാലി അക്കാദമി ചെയ്യുന്നതെന്നും പ്രശസ്ത പണ്ഡിതനും വാഗ്മിയുമായ ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് സംസ്ഥാന സെക്രട്ടറി അലിയാര്‍ ഖാസിമി അഭിപ്രായപ്പെട്ടു. മഞ്ചേരി ഗ്രീന്‍വാലി അക്കാദമിയുടെ ഇന്റഗ്രേറ്റഡ് ലേര്‍ണിംഗ് പ്രോഗ്രാം എന്ന പഞ്ചവല്‍സര കോഴ്‌സിന്റെ ആദ്യ ബാച്ചിന്റെ ബിരുദ ദാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


 ജൈവികതയില്‍ മനുഷ്യനും മൃഗവും തുല്യരാണ്. മൃഗീയതയില്‍ നിന്നും മനുഷ്യനെ മനുഷ്യനാക്കുന്നതെന്തോ അതാണ് മനുഷ്യത്വം. ഈ വ്യത്യസ്തത നഷ്ടപ്പെടുമ്പോഴാണ് മനുഷ്യന്‍ മൃഗമാവുന്നതെന്ന് അദേഹം ഓര്‍മപ്പെടുത്തി. മനുഷ്യനെ മനുഷ്യനാക്കാനുള്ള വഴിയും വെളിച്ചവും നല്‍കുന്ന ജീവിത വ്യവസ്ഥയാണ് ഇസ്ലാം. അലിയാര്‍ ഖാസിമി വ്യക്തമാക്കി.


 ആലുവ അല്‍ - അസ്ഹര്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത് , ശാന്തപുരം അല്‍ - ജാമിഅ ഇസ് ലാമിയ ദഅ് വാ വിഭാഗം ഡീന്‍ ഡോ. ഇല്‍യാസ് മൗലവി, മഞ്ചേരി മര്‍കസുല്‍ ഹിദായ പ്രിന്‍സിപ്പാള്‍ അബ്ദുര്‍റഹ്‌മാന്‍ ബാഖവി, യൂണിയന്‍ ചെയര്‍മാന്‍ സഹദ് സല്‍മാന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.




 

അക്കാദമി പ്രിന്‍സിപ്പാള്‍ ഡോ. അശ്‌റഫ് കല്‍പ്പറ്റ അധ്യക്ഷത വഹിച്ചു. ഗ്രീന്‍വാലി അക്കാദമി ബിരുദ നാമം ' ശഅബി' ഗ്രീന്‍വാലി ട്രസ്റ്റ് ചെയര്‍മാന്‍ അബ്ദുല്‍ അസീസ് മാസ്റ്റര്‍ വിളംബരം ചെയ്തു.അഡ്മിനിസ്‌ട്രേറ്റര്‍ പി.വി. മുജീബുര്‍റഹ്‌മാന്‍ മാസ്റ്റര്‍ അടുത്ത വര്‍ഷം തുടങ്ങാന്‍ പോകുന്ന ഗ്രീന്‍വാലി വിമണ്‍സ് അക്കാദമിയുടെ പ്രഖ്യാപനം നടത്തി.അല്‍-ഹാഫിസ് മുഹമ്മദ് ഹസീന്‍ ഖിറാഅത്ത് നടത്തി. വൈസ് പ്രിന്‍സിപ്പാള്‍ താജുദ്ദീന്‍ മാസ്റ്റര്‍ സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ അല്‍ ഹാഫിസ് മുഖ്താര്‍ നജീബ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.വിദ്യാര്‍ഥികളുടെ വിവിധ കലാപ്രകടനങ്ങളും സമ്മേളനത്തിന് മികവേകി.





Similar News