മലപ്പുറം: വണ്ടൂര്‍ കാഞ്ഞിരംപാടത്ത് യുവതിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അരീക്കോട് വാക്കാലൂര്‍ സ്വദേശി ശാന്തകുമാരിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അടങ്ങാപ്പുറത്ത് സുധീറിന്റെ വീട്ടിലെ കിണറ്റിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. വണ്ടൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും സംഘവും സ്ഥലത്തെത്തി അഗ്‌നിശമനസേനയുടെ സഹായത്തോടെ മൃതദേഹം പുറത്തെത്തിച്ചു.
40 അടിയോളം താഴ്ചയുളള കിണറ്റില്‍ മനുഷ്യനെപ്പോലെ തോന്നിക്കുന്ന എന്തോ കിടക്കുന്നത് തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന സുധീറിന്റെ അമ്മ സാവിത്രിയമ്മയാണ് കണ്ടത്. നാട്ടുകാരുടെ കൂടി സഹായത്തോടെ പരിശോധിച്ചപ്പോള്‍ സ്ത്രീയുടെ മൃതദേഹമാണന്ന് വ്യക്തമായി. പോലിസെത്തിയാണ് മൃതദേഹം കരയ്ക്ക് എത്തിച്ചത്. 30 കിലോമീറ്റര്‍ അകലെയുളള അജിതകുമാരി എങ്ങനെ കാഞ്ഞിരംപാടത്തെ വീട്ടിലെത്തി എന്നതും മരണകാരണവും ദുരൂഹതയായി തുടരുന്നു.സുധീറിന്റേയും ബന്ധുക്കളുടേയും അയല്‍ക്കാരുടേയും മൊഴി പോലിസ് രേഖപ്പെടുത്തി. ശാന്തകുമാരിയുടെ ബന്ധുക്കളില്‍ നിന്നും വിവരങ്ങള്‍ തേടുന്നുണ്ട്. കൊവിഡ് പരിശോധനയ്ക്ക് ശേഷം പോസ്റ്റുമോര്‍ട്ടം നടത്തും.