പെരിന്തല്‍മണ്ണ: 30 ഗ്രാം ക്രിസ്റ്റല്‍ എംഡിഎംഎയുമായി രണ്ടുപേരെ മങ്കടയില്‍ നിന്ന് പോലിസ് പിടികൂടി. ചെര്‍പ്പുളശ്ശേരി വീരമംഗലം സ്വദേശികളായ മുള്ളത്ത് പാടത്ത് മുഹമ്മദ് ഷാഫി (26), കല്ലിങ്ങല്‍ മൊയ്തീന്‍ (25) എന്നിവരെയാണ് മങ്കട സിഐ യു കെ ഷാജഹാന്‍, എസ്‌ഐ ശ്യാം എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് ബംഗളൂരുവില്‍ നിന്ന് നാട്ടിലെത്തിച്ച് വന്‍ ലാഭം ലക്ഷ്യംവച്ച് വില്‍പ്പനയ്ക്കായി കൊണ്ടുവന്നതാണെന്നാണ് പോലിസിനോട് പറഞ്ഞത്. മങ്കട പോലിസ് സ്‌റ്റേഷനിലെ എഎസ്‌ഐ ഷാഹുല്‍ ഹമീദ്, സിപിഒമാരായ ബാലകൃഷ്ണന്‍, രാജേഷ്, നസീര്‍ എന്നിവരും പെരിന്തല്‍മണ്ണ പ്രത്യേക അന്വേഷണ സ്‌ക്വാഡും സംഘത്തിലുണ്ടായിരുന്നു.
ബംഗളൂരു, ഗോവ എന്നിവിടങ്ങളില്‍ നിന്ന് വന്‍തോതില്‍ സിന്തറ്റിക് മയക്കുമരുന്നുകള്‍ യുവാക്കള്‍ക്കിടയില്‍ വില്‍പ്പന നടത്തുന്നതിനായി കേരളത്തിലേക്ക് എത്തുന്നതായും അമിതലാഭം ലക്ഷ്യംവച്ച് ചെര്‍പ്പുളശ്ശേരി, ഒറ്റപ്പാലം ഭാഗങ്ങളിലെ ചിലര്‍ ഇതിന്റെ കണ്ണികളായി പ്രവര്‍ത്തിക്കുന്നതായും മലപ്പുറം ജില്ലാ പോലിസ് മേധാവി എസ് സുജിത്ത് ദാസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം സന്തോഷ്‌കുമാര്‍, മങ്കട സിഐ യു കെ ഷാജഹാന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.