മുസ് ലിം പേരില്‍ വ്യാജ ഐഡിയുണ്ടാക്കി രാമക്ഷേത്രം ബോംബ് വച്ച് തകര്‍ക്കുമെന്ന് ഭീഷണി; യുപിയില്‍ രണ്ടുപേര്‍ അറസ്റ്റില്‍
ലഖ്‌നോ: മുസ് ലിം പേരില്‍ വ്യാജ ഇ-മെയില്‍ ഐഡിയുണ്ടാക്കി രാമക്ഷേത്രം ബോംബ് വച്ച് തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയ രണ്ടുപേര്‍ യുപിയില്‍ അറസ്റ്റില്‍. ലഖ്‌നോ ഗോമതി നഗറിലെ വിഭൂതി ഖണ്ഡില്‍ നിന്നാണ് തഹര്‍ സിങ്, ഓംപ്രകാശ് മിശ്ര എന്നിവരെ ഉത്തര്‍പ്രദേശ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് അറസ്റ്റ് ചെയ്തത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, എസ്ടിഎഫ് മേധാവി അമിതാഭ് യാഷ് എന്നിവരെ സ്‌ഫോടനത്തിലൂടെ വധിക്കുമെന്നും ഭീഷണി സന്ദേശത്തിലുണ്ടായിരുന്നു. ഇക്കഴിഞ്ഞ നവംബറില്‍ '@iDevendraOffice' എന്ന ഹാന്‍ഡില്‍ ഉപയോഗിച്ച് 'എക്‌സിലൂടെയാണ് ഭീഷണി പോസ്റ്റ് ചെയ്തത്.
ആലം അന്‍സാരി(alamansarikhan608@gmail.com), സുബൈര്‍ ഖാന്‍ ഐഎസ് ഐ(zubairkhanisi199@gmail.com) എന്നീ ഇമെയില്‍ ഐഡികള്‍ ഉപയോഗിച്ചാണ് ഭീഷണി സന്ദേശങ്ങള്‍ അയച്ചത്. ഇമെയില്‍ ഐഡി പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. തഹര്‍ സിങാണ് ഇമെയില്‍ അക്കൗണ്ടുകള്‍ സൃഷ്ടിച്ചതെന്നും ഓംപ്രകാശ് മിശ്രയാണ് ഭീഷണി സന്ദേശങ്ങള്‍ അയച്ചതെന്നും കണ്ടെത്തി. ഗോണ്ടയിലെ താമസക്കാരായ ഇരുനരും ഒരു പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ജോലി ചെയ്യുന്നവരാണ്. സംഭവത്തില്‍ എസ്ടിഎഫ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.