കുറ്റിപ്പുറം: അര്‍ധരാത്രി എടിഎം കൗണ്ടറില്‍ യുവാവിനെ കഴുത്ത് മുറിഞ്ഞ നിലയില്‍ കണ്ടെത്തി. രക്തംവാര്‍ന്ന് അവശനിലയിലായ എറണാകുളം സ്വദേശിയായ യുവാവിനെ കുറ്റിപ്പുറം പോലിസ് യഥാസമയം ആശുപത്രിയിലെത്തിച്ചതിനാല്‍ അപകടനില തരണം ചെയ്തു. ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെ കുറ്റിപ്പുറം തിരൂര്‍ റോഡിലെ എടിഎം കൗണ്ടറിലാണു സംഭവം. രാത്രി പട്രോളിങ്ങിന്റെ ഭാഗമായി എടിഎം കൗണ്ടറിലെ പുസ്തകത്തില്‍ ഒപ്പ് രേഖപ്പെടുത്താനാണ് കുറ്റിപ്പുറം പോലിസ് സ്റ്റേഷനിലെ എസ്ഐ ടി എം വിനോദും സിവില്‍ പോലിസ് ഓഫിസര്‍ റിയാസും എത്തിയത്.
വാതില്‍ തുറന്ന് അകത്തുകയറിയപ്പോഴാണ് മുഖംതാഴ്ത്തി മൂലയില്‍ ഇരിക്കുന്ന യുവാവിനെ കണ്ടത്. അടുത്ത് രക്തം തളംകെട്ടി കിടപ്പുണ്ടായിരുന്നു. പോലിസിനെ കണ്ട യുവാവ് അക്രമാസക്തനായതോടെ പ്രദേശത്തുള്ളവരുടെ സഹായം തേടി. എടിഎം കൗണ്ടറില്‍നിന്ന് ബലം പ്രയോഗിച്ചാണ് യുവാവിനെ പുറത്തെത്തിച്ചത്. കുറ്റിപ്പുറം ഗവ.താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജിലുമെത്തിച്ച യുവാവിനെ ഇന്നലെ ഉച്ചയോടെ എറണാകുളത്തെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി.