പാലക്കാട് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് തുടര്‍ച്ചയായി കൊവിഡ് സ്ഥിരീകരിക്കുന്നത് ആശങ്കാജനകം: എസ് ഡിപിഐ
പാലക്കാട്: പാലക്കാട് മെഡിക്കല്‍ കോളജില്‍ കൊവിഡ് രോഗികളെ ശുശ്രൂഷിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് തുടര്‍ച്ചയായി കൊവിഡ് സ്ഥിരീകരിക്കുന്നത് ആശങ്കാജനകമാണന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടറി സഹീര്‍ ബാബു ചാല്‍പ്രം. ഇന്നും ഇന്നലെയും മാത്രം പാലക്കാട് മെഡിക്കല്‍ കോളജില്‍ എട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ആരോഗ്യ വകുപ്പ് ഇത് ഗൗരവമായി കാണണം.
കൊവിഡ് രോഗികളെ ശുശ്രൂഷിക്കുക എന്ന മഹത്തായ സേവനം ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സുരക്ഷിതമായ മുന്‍കരുതല്‍ സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ കുറവ് സംഭവിക്കുന്നതിന്റെ പ്രകടമായ ഉദാഹരണമാണിത്. ആരോഗ്യ പ്രവര്‍ത്തകരുടെ ആത്മവിശ്വാസം തകരാതിരിക്കാന്‍ ശ്രദ്ധ ചെലുത്തേണ്ടത് അനിവാര്യമാണ്. രോഗികളെ പരിചരിക്കുന്നതിന് മറ്റു പല മെഡിക്കല്‍ കോളജുകളിലും ആശ്രയിക്കുന്ന റോബോട്ട് സേവനം അടക്കമുള്ള സംവിധാനങ്ങള്‍ കണ്ടെത്താവുന്നതാണ്. വാളയാറില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ അടക്കമുള്ള പല സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും കൊവിഡ് സ്ഥിരീകരിക്കുന്നുണ്ട്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള ജില്ല എന്ന നിലയില്‍ സംസ്ഥാന സര്‍ക്കാറിന്റെ പ്രത്യേക ശ്രദ്ധ അനിവാര്യമാണെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി.