പാലക്കാട്: വിവാഹത്തട്ടിപ്പ് കേസിലെ മുഖ്യപ്രതി പോലിസ് പിടിയില്‍. മണ്ണാര്‍ക്കാട് പൊറ്റശ്ശേരി പ്ലാവല്ലി എന്‍ വിനോദിനെയാണ് (44) കൊഴിഞ്ഞാമ്പാറ പോലിസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി. സംഭവത്തില്‍ നാലുപേര്‍കൂടി പിടിയിലാവാനുണ്ടെന്ന് പോലിസ് പറഞ്ഞു. ജനുവരി നാലിന് വാണിയമ്പാറ പൊട്ടിമട പുല്ലംപാടം എന്‍ സുനില്‍ (40), കേരളശേരി മണ്ണാന്‍പറമ്പ് അമ്മിണി പൂക്കാട് വി കാര്‍ത്തികേയന്‍ (40), വടക്കാഞ്ചേരി കുന്നംകാട് കാരക്കല്‍ സജിത (32), കാവില്‍പ്പാട് ദേവീനിവാസില്‍ ദേവി (60), കാവശേരി ചുണ്ടക്കാട് സഹീദ (36) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
2021 ഡിസംബര്‍ 12നാണ് കേസിനാസ്പദമായ സംഭവം. മാര്യേജ് ബ്യൂറോയിലൂടെ വിവാഹത്തിന് ആലോചന ക്ഷണിച്ചാണ് തട്ടിപ്പ് നടത്തിയത്. തമിഴ്‌നാട് സേലം പോത്തനായകം പാളയത്തുള്ള മണികണ്ഠനാണ് (38) തട്ടിപ്പിനിരയായത്. ആദ്യ വിവാഹബന്ധം വേര്‍പെട്ട് രണ്ടാം വിവാഹത്തിന് തയ്യാറെടുക്കുന്ന ഇയാളെ സംഘം ഗോപാലപുരത്തേക്ക് വിളിച്ചുവരുത്തി സജിതയെ കാണിച്ചുകൊടുത്തു. സജിതയുടെ അമ്മയ്ക്ക് അസുഖമായതിനാല്‍ അന്നുതന്നെ വിവാഹം നടത്താമെന്ന് അറിയിച്ചു. ഗോപാലപുരത്ത് ആളൊഴിഞ്ഞ ക്ഷേത്രത്തില്‍ വച്ച് വിവാഹം നടത്തി.
വിവാഹച്ചെലവ്, ബ്രോക്കര്‍ കമ്മീഷന്‍ എന്നീ ഇനത്തില്‍ ഒന്നര ലക്ഷം രൂപ സംഘം കൈപ്പറ്റി. വിവാഹം കഴിഞ്ഞ അതേ ദിവസം സേലത്തെ വരന്റെ വീട്ടിലേക്ക് സജിതയും സഹോദരനെന്ന വ്യാജേന സുനിലും പോയി. അടുത്തദിവസം സജിതയുടെ അമ്മയ്ക്ക് അസുഖമാണെന്നു പറഞ്ഞ് ഇരുവരും നാട്ടിലേക്ക് മടങ്ങി. പിന്നീട് ഇവര്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. ഒരാഴ്ച കഴിഞ്ഞിട്ടും ഇവരെ ഫോണില്‍ ബന്ധപ്പെടാനാവാതെ വന്നതോടെ മണികണ്ഠന്‍ കൊഴിഞ്ഞാമ്പാറ പോലിസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സജിതയുള്‍പ്പെടെ അഞ്ചുപേര്‍ പിടിയിലാവുന്നത്. ചിറ്റൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.