പാലക്കാട്: സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നത് ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണെന്നും സര്‍ക്കാര്‍ കണ്ണ് തുറക്കണമെന്നും എസ്ഡിപി ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി ആര്‍ സിയാദ്. പാലക്കാട് ജില്ലയിലെ കൊപ്പത്ത് എസ് ഡി പി ഐ നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വില അനിയന്ത്രിതമായി കുതിച്ചുയരുമ്പോഴും സര്‍ക്കാര്‍ നിസ്സംഗത പാലിക്കുകയാണ്. അരി, തേങ്ങ, വെളിച്ചെണ്ണ, സവാള, വെളുത്തുള്ളി ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില സാധാരണക്കാര്‍ക്ക് താങ്ങാനാവുന്നതിനപ്പുറമാണ്. സര്‍ക്കാരിന് വിപണിയില്‍ യാതൊരു നിയന്ത്രണവുമില്ല. കഴിഞ്ഞ കാലങ്ങളില്‍ സാധാരണക്കാര്‍ക്ക് ഏറെ ആശ്വാസമായിരുന്ന സപ്ലൈകോ, മാവേലി സ്റ്റോറുകള്‍ കേവലം നോക്കു കുത്തികളായി മാറിയിരിക്കുന്നു. സബ്‌സിഡി സാധനങ്ങള്‍ കിട്ടാനില്ല. സബ്‌സിഡിയിതര സാധനങ്ങള്‍ക്കാവട്ടെ വിപണി വിലയേക്കാള്‍ അധികമാണ്. വിലക്കയറ്റം കാരണം കുടുംബ ബജറ്റ് താളം തെറ്റിച്ചിരിക്കുന്നു. സര്‍ക്കാര്‍ അടിയന്തരമായി വിപണിയിലിടപെട്ട് വിലക്കയറ്റം നിയന്ത്രിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് ഷെഹീര്‍ ചാലിപ്പുറം, ജില്ലാ വൈസ് പ്രസിഡന്റ് ഷെരീഫ് പട്ടാമ്പി, ജില്ലാ ട്രഷറര്‍ അലി കെ ടി ,എന്നിവര്‍ നേതൃസംഗമത്തില്‍ സംസാരിച്ചു.