പാലക്കാട്: ദേശീയപാതയോരങ്ങളിലെ വ്യാപാര സ്ഥാപനങ്ങളും വര്‍ക്‌ഷോപ്പുകളും കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തുന്ന മൂന്നംഗ സംഘത്തെ ഹേമാംബിക നഗര്‍ പോലിസ് അറസ്റ്റ് ചെയ്തു. മുണ്ടൂര്‍ സ്വദേശികളായ നൊച്ചുപ്പുള്ളിയില്‍ പ്രതീഷ് (34), പൊരിയാനിയില്‍ കാര്‍ത്തിക്ക് (32), പെരുവെമ്പ് തണ്ണിശ്ശേരിയില്‍ അരുണ്‍ (32) എന്നിവരെയാണു കവര്‍ച്ചാശ്രമത്തിനിടെ പിടികൂടിയത്. മാരകായുധങ്ങളുമായി ദേശീയപാതയിലൂടെ നടന്നുനീങ്ങിയ സംഘത്തെ രാത്രി പട്രോളിങ്ങിനിടെയാണ് പോലിസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം റെയില്‍വേ കോളനി, മുട്ടികുളങ്ങര തുടങ്ങിയ മേഖലകളില്‍ വര്‍ക്‌ഷോപ്പ് കുത്തിത്തുറന്ന് 200 കിലോ ഇരുമ്പുകമ്പികളും ഇരുമ്പുകട്ടകളും മോഷണം നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് രാത്രി പട്രോളിങ് കര്‍ശനമാക്കിയത്. വര്‍ക്ക് ഷോപ്പില്‍നിന്ന് ഇരുമ്പുസാമഗ്രികള്‍ കവര്‍ന്നത് ഉള്‍പ്പെടെ പത്തോളം കവര്‍ച്ചാ കേസുകള്‍ ഇവര്‍ക്കെതിരെയുണ്ടെന്നു പോലിസ് പറഞ്ഞു. ഡിവൈഎസ്പി പി സി ഹരിദാസന്റെ നിര്‍ദേശപ്രകാരം ഹേമാംബിക നഗര്‍ എസ്‌ഐമാരായ വി ഹേമലത, കെ ശിവചന്ദ്രന്‍, സീനിയര്‍ സിപിഒ എ നവോജ്, സിപിഒമാരായ എന്‍ ബിജു, സി രാഹുല്‍ എന്നിവരടങ്ങിയ സംഘമാണു കേസ് അന്വേഷിക്കുന്നത്.