തിരുവല്ലയില്‍ കോണ്‍ഗ്രസ് യോഗത്തില്‍ സംഘര്‍ഷം; പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി
പത്തനംതിട്ട: തിരുവല്ലയില്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി യോഗത്തില്‍ പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. രാവിലെ 11ന് തിരുവല്ല വൈഎംസിഎ ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് പ്രവര്‍ത്തകര്‍ തമ്മില്‍ത്തല്ലിയത്. ഏതാനും ദിവസം മുമ്പ് എ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ തിരുവല്ല സൗത്ത് ബ്ലോക്ക് കമ്മിറ്റിയെ തിരഞ്ഞെടുത്തിരുന്നു. എന്നാല്‍, വിഭാഗീയ പ്രവര്‍ത്തനത്തെ തുടര്‍ന്ന് മൂന്നുദിവസത്തിനകം ഡിസിസി നേതൃത്വം ഇടപെട്ട് പിരിച്ചുവിടുകയും പുതിയ കമ്മിറ്റിയെ തിരഞ്ഞെടുക്കുകയും ചെയ്തു.
ഈ സാഹചര്യം വിശദീകരിക്കാനാണ് ഡിസിസി അധ്യക്ഷന്‍ സതീഷ് കൊച്ചുപറമ്പില്‍, ജനറല്‍ സെക്രട്ടറി അടക്കമുള്ള നേതാക്കള്‍ യോഗം ചേര്‍ന്നത്. യോഗം നടക്കുന്നതിനിടെ ഒരുവിഭാഗം പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. യോഗം ആരംഭിച്ചത് മുതല്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇത് പിന്നീട് വാക്കുതര്‍ക്കത്തിലേക്കും അസഭ്യവര്‍ഷത്തിലേക്കും നീളുകയായിരുന്നു. ഇത് കൈയാങ്കളിക്കും കസേരയേറിനും കാരണമായി.
പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായി. നേതാക്കള്‍ ഇടപെട്ടെങ്കിലും പ്രവര്‍ത്തകര്‍ പിന്‍വാങ്ങിയില്ല. തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പോലിസ് ഇടപെട്ടാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. യോഗം പൂര്‍ത്തിയാക്കാനു കഴിഞ്ഞില്ല. ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിലിന്റെ സാന്നിധ്യത്തിലായിരുന്നു സംഘര്‍ഷം. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യപ്രവര്‍ത്തകരെ ബലമായി പുറത്താക്കുകയും ചെയ്തു.