കക്കി ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; തീരവാസികള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം
പത്തനംതിട്ട: റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച കക്കി- ആനത്തോട് ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. കക്കി- ആനത്തോട് റിസര്‍വോയറിന്റെ രണ്ടും മൂന്നും ഷട്ടറുകളാണ് രാവിലെ തുറന്നത്. 30 സെന്റീമീറ്റര്‍ വീതം തുറന്ന ഷട്ടറുകളിലൂടെ 50 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. പമ്പാ നദിയുടെയും കക്കാട്ടാറിന്റെയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
കക്കി ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ കനത്ത മഴ പെയ്തതും ഇന്നും മഴ തുടരാന്‍ സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പും കണക്കിലെടുത്താണ് ഡാം തുറക്കാന്‍ തീരുമാനിച്ചതെന്ന് കലക്ടര്‍ അറിയിച്ചു. ഡാമിന്റെ സംഭരണശേഷിയുടെ 130.98 ശതമാനം വെള്ളം നിറഞ്ഞിട്ടുണ്ട്. ഭയപ്പെടേണ്ട സാഹചര്യമില്ല. വരുന്ന കുറച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ഇതുസംബന്ധിച്ച തീരുമാനങ്ങള്‍ അറിയിക്കും. നദീതീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം. ജനവാസകേന്ദ്രങ്ങളില്‍ പ്രയാസമുണ്ടാവാതെ ശ്രദ്ധിക്കുമെന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു.