കക്കി ഡാം തകരുമെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം; കേസെടുക്കാന്‍ നിര്‍ദേശിച്ച് ജില്ലാ കലക്ടര്‍
നവംബര്‍ മൂന്നിന് പത്തനംതിട്ട ജില്ലയിലുണ്ടാവുന്ന അതിശക്തമായ മഴയില്‍ കക്കി ഡാം തകരുമെന്നും റാന്നി താലൂക്കില്‍ വ്യാപക മലയിടിച്ചിലുണ്ടാവുകയും നിരവധി പേര്‍ കൊല്ലപ്പെടുമെന്നുമായിരുന്നു വ്യാജവാര്‍ത്ത.
പത്തനംതിട്ട: സാമൂഹിക മാധ്യമങ്ങളിലൂടെ കക്കി ഡാം തകരുമെന്ന് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് പത്തനംതിട്ട ജില്ലാ കലക്ടര്‍. നവംബര്‍ മൂന്നിന് പത്തനംതിട്ട ജില്ലയിലുണ്ടാവുന്ന അതിശക്തമായ മഴയില്‍ കക്കി ഡാം തകരുമെന്നും റാന്നി താലൂക്കില്‍ വ്യാപക മലയിടിച്ചിലുണ്ടാവുകയും നിരവധി പേര്‍ കൊല്ലപ്പെടുമെന്നുമായിരുന്നു വ്യാജവാര്‍ത്ത.
വ്യാജ വാര്‍ത്ത നല്‍കിയവര്‍ക്കെതിരേയും ഈ വാര്‍ത്ത പങ്കുവച്ച മറ്റുള്ളവര്‍ക്കെതിരേയും കേസ് എടുക്കുന്നതിന് പത്തനംതിട്ട ജില്ലാ പോലിസ് മേധാവിക്ക് ജില്ലാ കലക്ടര്‍ പി ബി നൂഹ് നിര്‍ദേശം നല്‍കി.
ജില്ലയില്‍ ശക്തമായ മഴ ലഭിക്കുന്നതിനാല്‍ ഇത്തരത്തില്‍ വ്യാജ വാര്‍ത്തകള്‍ ജനങ്ങളെ ഭീതിയിലാഴ്ത്തുമെന്നും ശബരിമല മണ്ഡലകാലം ഉടന്‍ ആരംഭിക്കാനിരിക്കെ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ഇതരസംസ്ഥാനക്കാരായ തീര്‍ത്ഥാടകരുടെ വരവിനെ ബാധിക്കുമെന്നതും കണക്കിലെടുത്താണ് ഉടന്‍ നടപടിയെടുക്കുന്നതിന് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കിയത്.