കോഴഞ്ചേരി: 17 വര്‍ഷത്തിനു ശേഷം കോഴഞ്ചേരിയെ നടുക്കിയെ രമാദേവി കൊലക്കേസില്‍ വന്‍ വഴിത്തിരിവ്. ക്രൈം ബ്രാഞ്ച് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ രമാദേവിയുടെ ഭര്‍ത്താവ് സി.ആര്‍. ജനാര്‍ദ്ദനന്‍ നായരെ അറസ്റ്റ് ചെയ്തു. രമാദേവിയുടെ ശരീരത്തില്‍ നിന്ന് ലഭിച്ച മുടിയിഴകളാണ് ഒടുവില്‍ യഥാര്‍ഥ പ്രതിയിലേക്ക് വിരല്‍ ചൂണ്ടിയത്.
വീട്ടിലെ ഊണുമുറിക്കരികില്‍ 2006 മേയ് 26നാണ് രമാദേവിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തുടക്കത്തില്‍ സമീപത്തെ കെട്ടിടത്തില്‍ പണിക്കു വന്നിരുന്ന തൂത്തുക്കുടി സ്വദേശിയെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം നീങ്ങിയത്. ഇയാളെയും ഭാര്യയെയും അന്വേഷണത്തിനിടെ കാണാതായത് സംശയം വര്‍ധിപ്പിച്ചു. ഇതിനിടയില്‍ രമാദേവിയുടെ ഭര്‍ത്താവ് പോലീസ് അന്വേഷണം ഫലപ്രദമല്ലെന്ന് കാണിച്ച് ഹൈക്കോടതിയെ സമീപിച്ചിരുന്നു.
തുടര്‍ന്ന് ഹൈക്കോടതി നിര്‍ദേശമനുസരിച്ച് ക്രൈംബ്രാഞ്ച് കേസ് അന്വേഷണം ഏറ്റെടുത്തു. കേസ് അന്വേഷണം വഴി തിരിച്ചുവിടാനായി പ്രതി പല തവണ ശ്രമിച്ചതായി ക്രൈംബ്രാഞ്ച് ആരോപിച്ചു. കൊലപാതകത്തിന് കാരണം ഭാര്യയോടുളള അമിതസംശയം നിമിത്തമാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കുറ്റസമ്മതം നടത്തിയ പ്രതിയെ പത്തനംതിട്ട കോടതിയില്‍ ഹാജരാക്കി.
പുല്ലാട് വീട്ടമ്മ വീടിനുള്ളില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നിര്‍ണായക തെളിവായത് കൈകളിലുണ്ടായിരുന്ന 40 മുടിയിഴകള്‍. ഊണു മുറിയില്‍ കഴുത്തിനു വെട്ടേറ്റു കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ട രമാദേവിയുടെ ഒരു കയ്യില്‍ 36 മുടിയിഴകളും മറ്റേകയ്യില്‍ നാല് മുടിയിഴകളും ഉണ്ടായിരുന്നു. ഈ മുടിയിഴകള്‍ അന്നു തന്നെ ശാസ്ത്രീയപരിശോധനയ്ക്കയച്ചിരുന്നു. കൊലപാതകം നടന്ന് നാലുവര്‍ഷത്തിനു ശേഷമാണ് പരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചത്. തുടര്‍ന്ന് ഈ മുടിയിഴകള്‍ ഭര്‍ത്താവ് സി.ആര്‍ ജനാര്‍ദനന്‍ നായരുടെതാണെന്നു കണ്ടെത്തി.
ഇവരുടെ ഭര്‍ത്താവിന്റെ അടുത്ത ബന്ധു മറ്റൊരു കൊലപാതക കേസില്‍ പ്രതിയാണ്. അയാളെ കേന്ദ്രീകരിച്ചും അന്ന് അന്വേഷണം നടന്നു. എന്നാല്‍ കേസ് എങ്ങും എത്തിയില്ല. പുതിയ ക്രൈം ബ്രാഞ്ച് ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ ഇന്‍സ്‌പെക്ടര്‍ സുനില്‍ രാജ് വന്നതിനുശേഷം അന്വേഷണം പുനരാരംഭിച്ചു. അങ്ങനെ 17 വര്‍ഷത്തിനുശേഷമാണ് ഭര്‍ത്താവിനെ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവരുടെ വീടിനോടു ചേര്‍ന്നു കെട്ടിടനിര്‍മാണം നടത്തിവന്ന തൊഴിലാളികളെ പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍, തമിഴ്നാട് സ്വദേശിയായ ചുടലമുത്തുവിനെ കൊല നടന്ന ദിവസം മുതല്‍ കാണാതായതിനാല്‍ അന്വേഷണം ആ വഴിക്കു തിരിഞ്ഞു. ഇയാളെയും ഇയാള്‍ക്കൊപ്പം താമസിച്ചിരുന്ന സ്ത്രീയെയും കണ്ടെത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ വര്‍ഷം സ്ത്രീയെ തെങ്കാശിയില്‍ വച്ച് കണ്ടെത്തി. തുടര്‍ന്നു നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് ജനാര്‍ദനന്‍ നായരെ അറസ്റ്റ് ചെയ്തത്.
കൊടുവാളുപോലെ ചുണ്ടുള്ളതും മൂര്‍ച്ചയേറിയതുമായ ആയുധമാണു കൊലപാതകത്തിന് ഉപയോഗിച്ചതെന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ലോക്കല്‍ പൊലീസ് അന്വേഷണം നടത്തി പ്രതിയെ കിട്ടാതെ വന്നപ്പോള്‍ ഭര്‍ത്താവ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.