പ്രവാസി വഞ്ചന: പത്തനംതിട്ട കലക്ടറേറ്റിലേക്ക് എസ്ഡിപിഐ മാർച്ച്

അനുദിനം പ്രവാസികളുടെ മരണനിരക്ക് വർധിക്കുകയാണെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത ജില്ലാ പ്രസിഡൻ്റ് അൻസാരി ഏനാത്ത് പറഞ്ഞു. ഈ മരണങ്ങളുടെ ഉത്തരവാദി കേന്ദ്ര-സംസ്ഥാന സർക്കാരുകളാണ്.

Update: 2020-06-25 12:00 GMT

പത്തനംതിട്ട: പ്രവാസികൾ നാടിൻ്റെ നട്ടെല്ല് അവരെ മരണത്തിന് വിട്ടുകൊടുക്കരുത്, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രവാസി വഞ്ചന അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് പത്തനംതിട്ട കലക്ടറേറ്റിലേക്ക് എസ്ഡിപിഐ ജില്ലാ കമ്മിറ്റി മാർച്ച് നടത്തി.

അനുദിനം പ്രവാസികളുടെ മരണനിരക്ക് വർധിക്കുകയാണെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത ജില്ലാ പ്രസിഡൻ്റ് അൻസാരി ഏനാത്ത് പറഞ്ഞു. ഈ മരണങ്ങളുടെ ഉത്തരവാദി കേന്ദ്ര-സംസ്ഥാന സർക്കാരുകളാണ്. അപ്രായോഗികവും അനാവശ്യവുമായ നിബന്ധനകളാണ് പ്രവാസികളുടെ മടങ്ങിവരവിനായി കേന്ദ-സംസ്ഥാന സർക്കാരുകൾ സ്വീകരിക്കുന്നത്. കേന്ദ്രവും കേരളവും ഓരോ ദിവസവും ഓരോരോ നിബന്ധനകൾ കൊണ്ടുവരികയും ചിലത് പിൻവലിക്കുകയും ചിലത് കൂട്ടിച്ചേർത്തും പ്രവാസികളെ വഞ്ചിക്കുകയാണ്.


സംസ്ഥാനത്തെ മൂന്നൂറിലധികം പ്രവാസികളുടെ ജീവൻ ഇതുവരെ നഷ്ടപ്പെട്ടു. ഇതിൽ 21 പേർ പത്തനംതിട്ട ജില്ലയിൽ നിന്നുള്ളവരാണ്. മടങ്ങിവരവിന് രോഗമില്ലാ സർട്ടിഫിക്കറ്റ് വേണമെന്ന് ആദ്യം പറഞ്ഞത് കേന്ദ്രസർക്കാരാണ്. അതിനെതിരേ രംഗത്തുവന്ന മുഖ്യമന്ത്രി പിണറായിയാണ് പിന്നീട് ഇതേ നിബന്ധന വച്ച് പ്രവാസികളെ ബുദ്ധിമുട്ടിച്ചത്. സൗദി അറേബ്യയിലെ പ്രവാസികളെ പ്രവാസികളുടെ ഇടയിലെ രണ്ടാം പൗരന്മാരായാണ് സർക്കാർ കാണുന്നത്. നോർക്കയിൽ അറുപതിനായിരം പ്രവാസികൾ രജിസ്റ്റർ ചെയ്തതിൽ എഴായിരം പേർക്ക് മാത്രമേ നാട്ടിലെത്താൻ കഴിഞ്ഞിട്ടുള്ളു.

മറ്റ് രാജ്യങ്ങൾക്ക് നൂറിലധികം വിമാനങ്ങൾ അനുവധിച്ചപ്പോൾ വെറും 34 വിമാനം മാത്രമാണ് സൗദിയിലേക്ക് പോയത്. വന്ദേ ഭാരത് മിഷൻ്റെ 21 വിമാനങ്ങൾ മാത്രമാണ് സൗദിയിലേക്ക് അനുവദിച്ചത്. 90 മലയാളികളാണ് സൗദിയിൽ മാത്രം മരണമടഞ്ഞത്. ചാർട്ടേർഡ് വിമാനങ്ങൾ പോലും രണ്ടാഴ്ച്ച വരെ ബോധപൂർവ്വം താമസിപ്പിക്കുകയാണ്. ചാർട്ടേർഡ് വിമാനങ്ങൾ സർവിസ് നടത്തുന്നതിന് കമ്പനി നേരിട്ട് അതത് സംസ്ഥാനത്തിൻ്റേയും എംബസിയുടേയും അനുവാദവും കേന്ദ്ര സർക്കാരിൻ്റെ അനുവാദവും വാങ്ങണമെന്ന കേന്ദ്ര സർക്കാരിൻ്റെ പുതിയ ഉത്തരവ് സൗദിയിലേതടക്കമുള്ള പ്രവാസികളെ വീണ്ടും ദ്രോഹിക്കാനേ ഉപകരിക്കൂ.

പ്രവാസികൾക്കായി മുടക്കാൻ പണമില്ലെന്നാണ് മന്ത്രി മേഴ്സിക്കുട്ടിയമ്മ പറഞ്ഞത്. എന്നാൽ ഇന്ത്യൻ കമ്മൂണിറ്റി വെൽഫയർ ഫണ്ടിൽ കിടക്കുന്ന കോടികളിൽ നിന്ന് ഒരു രൂപ പോലും പ്രവാസികൾക്ക് ഉപകാരപ്പെടുത്തിയിട്ടില്ല. പ്രവാസികൾക്ക് എതിരായി നിലപാടെടുത്താൽ പാർട്ടി ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ജില്ലാ സെക്രട്ടറി മുഹമ്മദ് അനീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി താജുദീൻ നിരണം, ആറന്മുള മണ്ഡലം വൈസ് പ്രസിഡൻ്റ് സാജിദ് മൗലവി സംസാരിച്ചു. അഷ്റഫ് ആലപ്ര, അഷ്റഫ് ചുങ്കപ്പാറ, മുഹമ്മദ് റാഷിദ്, മുഹമ്മദ് പി സലിം, സിയാദ് തിരുവല്ല, നിസാം കോന്നി, ഷാനവാസ്, നിസാം മാങ്കൽ, അൻസാരി മുട്ടാർ, നാസർ കുലശേഖരപതി, അൻസാരി പി എ, സി പി നസീർ, നിയാസ് കൊന്നമ്മൂട് നേതൃത്വം നൽകി.

Tags:    

Similar News