കാട്ടുപന്നിയെ വൈദ്യുതാഘാതമേല്‍പ്പിച്ച് കൊന്ന് ഇറച്ചിയാക്കിയ രണ്ടുപേര്‍ പിടിയില്‍

Update: 2021-06-18 06:35 GMT

പത്തനംതിട്ട: കോന്നി റേഞ്ചിലെ സൗത്ത് കുമരംപുത്തൂര്‍ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ അങ്ങാടിക്കലില്‍ കാട്ടുപന്നിയെ വൈദ്യുതാഘാതം ഏല്‍പ്പിച്ചുകൊല്ലുകയും ഇറച്ചിയാക്കുകയും ചെയ്തതിന് രണ്ടുപേരെ വനംവകുപ്പ് അറസ്റ്റുചെയ്തു. അങ്ങാടിക്കല്‍ തുണ്ടില്‍ വീട്ടില്‍ ടി എസ് ജെയിംസ് (52), സൗത്ത് അങ്ങാടിക്കല്‍ സുബിന്‍ നിവാസില്‍ സുഭാഷ് ജി (38) എന്നിവരെയാണ് അറസ്റ്റുചെയ്തത്. കാട്ടുപന്നിയുടെ ഇറച്ചി പ്രതികളുടെ വീട്ടില്‍നിന്നും വനംവകുപ്പ് പിടികൂടുകയായിരുന്നു.

കൂടല്‍ ചന്ദനപ്പള്ളി റോഡ് സൈഡിലെ ഇലക്ട്രിക് ലൈനില്‍നിന്നും 80 മീറ്റര്‍ നീളത്തില്‍ വയര്‍ കണക്ട് ചെയ്താണ് പ്രതികള്‍ ജെയിംസിന്റെ കൃഷിഭൂമിയിലുള്ള ഫെന്‍സിങ് കമ്പിയിലേക്ക് വൈദ്യുതി കടത്തിവിട്ടിരുന്നത്. ഈ കമ്പിയില്‍ തട്ടി ചത്ത കാട്ടുപന്നിയെ പ്രതികള്‍ അവിടെ വച്ച് മുറിച്ച് കഷണങ്ങളാക്കി വീടുകളിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഈ കൃത്യത്തിന് ഉപയോഗിച്ച സ്‌കൂട്ടര്‍, ഇലക്ട്രിക് വയര്‍, കത്തി, പാത്രങ്ങള്‍ മുതലായവ വനംവകുപ്പ് പിടിച്ചെടുത്തു.

പ്രതികളെ കോന്നി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ ജോജി ജെയിംസ്, ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ സനോജ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ ജോണ്‍ പി തോമസ്, മുഹമ്മദ് കുഞ്ഞ്, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ മാരായ ആര്‍ നിഷാന്ത് കുമാര്‍, ആര്‍ രാജേഷ് പിള്ള, രാഖി രാജന്‍, സൂര്യ ടി പിള്ള എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.

Tags:    

Similar News