തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനു ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തുമെന്നു ജില്ലാ കലക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ. നാലാഞ്ചിറ മാര്‍ ഇവാനിയോസ് വിദ്യാനഗറില്‍ ഒരുക്കുന്ന വിവിധ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ കലക്ടര്‍ സന്ദര്‍ശിച്ചു.
ഒരു കൗണ്ടിങ് ഹാളില്‍ ഏഴു ടേബിളുകള്‍ മാത്രമായിരിക്കും സജ്ജീകരിക്കുകയെന്നു കലക്ടര്‍ പറഞ്ഞു. ഈ രീതിയില്‍ ഒരു നിയോജക മണ്ഡലത്തിന്റെ വോട്ടെണ്ണലിനായി മൂന്നു മുതല്‍ നാലു വരെ ഹാളുകള്‍ വേണ്ടിവരും. വോട്ടെണ്ണലിന്റെ എല്ലാ ഘട്ടങ്ങളിലും പൂര്‍ണ കോവിഡ് സുരക്ഷ ഉറപ്പാക്കും. കൗണ്ടിങ് കേന്ദ്രങ്ങളില്‍ തിരക്ക് പരമാവധി കുറയ്ക്കും. ഏജന്റുമാരുടെ എണ്ണം കൂടിയാല്‍ കണ്‍ട്രോള്‍ യൂനിറ്റില്‍നിന്നുള്ള റിസള്‍ട്ട് വലിയ സ്‌ക്രീനില്‍ കാണിക്കാനുള്ള സംവിധാനമൊരുക്കണമെന്നു തെരഞ്ഞെടുപ്പു കമ്മിഷന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു.
വോട്ടെണ്ണല്‍ ആരംഭിക്കുന്നതിനു മുന്‍പും ശേഷവും വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ അണുവിമുക്തമാക്കും. കൗണ്ടിങ് ഉദ്യോഗസ്ഥര്‍ ഡിസ്‌പോസിബിള്‍ ഫേസ് ഷീല്‍ഡ്, എന്‍95 മാസ്‌ക്, ഗ്ലൗസ് എന്നിവ നിര്‍ബന്ധമായും ധരിച്ചിരിക്കണം. മറ്റെല്ലാവരും ട്രിപ്പിള്‍ ലെയര്‍ മാസ്‌ക്, ഗ്ലൗസ് എന്നിവ ധരിക്കണം. വോട്ടെണ്ണല്‍ കേന്ദ്രത്തിലെ കസേരകള്‍ സാമൂഹിക അകലം പാലിച്ചാകും ക്രമീകരിക്കുക. കേന്ദ്രത്തിന് അകത്തേക്കും പുറത്തേക്കുമുള്ള വഴികളില്‍ സാനിറ്റൈസര്‍, ലിക്വിഡ് സോപ്പ് എന്നിവ വയ്ക്കുമെന്നും കലക്ടര്‍ പറഞ്ഞു.
മാര്‍ ഇവാനിയോസ് നഗറിലെ സര്‍വോദയ വിദ്യാലയ, മാര്‍ ഇവാനിയോസ് കോളജ് എന്നിവിടങ്ങളില്‍ രണ്ടു വീതം നിയോജക മണ്ഡലങ്ങളുടെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളും സെന്റ് ജോണ്‍സ് സ്‌കൂള്‍, മാര്‍ തിയോഫിലസ് ട്രയിനിങ് കോളജ്, മാര്‍ ബസേലിയസ് എഞ്ചിനീയറിങ് കോളജ് എന്നിവിടങ്ങളില്‍ ഓരോ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ വീതവും സജ്ജീകരിക്കും. ബാക്കിയുള്ള ഏഴ് നിയോജക മണ്ഡലങ്ങളുടെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ ക്രമീകരിക്കുവാനുള്ള പ്രവര്‍ത്തങ്ങള്‍ പുരോഗമിക്കുകയാണെന്നും കളക്ടര്‍ പറഞ്ഞു.