സൈബര്‍ ഡോം ആസ്ഥാന മന്ദിരത്തിന്റെ ശിലാ സ്ഥാപനം നാളെ

Update: 2021-02-03 10:37 GMT

തിരുവനന്തപുരം: ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തിച്ചു വരുന്ന കേരള പോലിസ് സൈബര്‍ ഡോമിന് പുതിയ ആസ്ഥാന മന്ദിരം ഒരുങ്ങുന്നു. ടെക്‌നോപാര്‍ക്കിന് സമീപമാണ് 5 നിലകളില്‍ അത്യാധുനിക സൗകര്യങ്ങളുള്ള ആസ്ഥാനമന്ദിരം നിര്‍മ്മിക്കുന്നത്.

സൈബര്‍ അന്വേഷണങ്ങള്‍ക്കായുള്ള അത്യാധുനികമായതും ലോകോത്തര നിലവാരമുള്ള സൗകര്യം ഇവിടെയൊരുക്കും. ഡ്രോണ്‍ ഫോറണ്‍സിക്, മൊബൈല്‍ ഫോറന്‍സിക്, ഡേറ്റ സെന്റര്‍, സോഷ്യല്‍മീഡിയ അനലൈസ്, റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ്, ഡാര്‍ക്ക് നെറ്റ് മോണിറ്ററിങ് ലാബ് എന്നിവയും ഇവിടെ ഒരുക്കും.

വ്യാഴാഴ്ച രാവിലെ 10.30 തിന് വെര്‍ച്വല്‍ പ്ലാറ്റ് ഫോമിലൂടെ നടക്കുന്ന പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ശിലാ സ്ഥാപനം നിര്‍വ്വഹിക്കും. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സംസ്ഥാന പോലിസ് ചീഫ് ലോക് നാഥ് ബെഹ്‌റ ആമുഖ പ്രഭാഷണം നടത്തും, മേയര്‍ ആര്യ രാജേന്ദ്രന്‍, കേരള ഐടി പാര്‍ക്ക് സിഇഒ പി എം ശശി എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. എഡിജിപിയും സൈബര്‍ ഡോം നോഡല്‍ ഓഫീസറുമായ മനോജ് എബ്രഹാം, ബറ്റാലിയന്‍ ഡിഐജി പി പ്രകാശ് തുടങ്ങിയവരും പങ്കെടുക്കും

Tags:    

Similar News