പാതിവില തട്ടിപ്പ്: മന്ത്രിയുടെ ഓഫീസിനെതിരായ പരാതിയില്‍ സമഗ്രാന്വേഷണം വേണം: എന്‍ കെ റഷീദ് ഉമരി

തിരുവനന്തപുരം: പാതിവില തട്ടിപ്പില്‍ വൈദ്യുതി മന്ത്രിയുടെ ഓഫിസിനെ ബന്ധപ്പെടുത്തി ഉയരുന്ന പരാതികള്‍ ഗൗരവതരമാണെന്നും ഇതു സംബന്ധിച്ച് സമഗ്രാന്വേഷണം വേണമെന്നും എസ്ഡിപിഐ സംസ്ഥാന ട്രഷറര്‍ എന്‍ കെ റഷീദ് ഉമരി. നൂറുകണക്കിനു പേരെ പദ്ധതിയില്‍ ചേര്‍ത്ത സീഡ് സൊസൈറ്റിയുടെ പേരില്‍ വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ ഓഫിസില്‍ വെച്ച് അപേക്ഷകരില്‍നിന്ന് പണം കെപ്പറ്റിയെന്നതുള്‍പ്പെടെയുള്ള പരാതികളാണ് ഉണ്ടായിരിക്കുന്നത്. ചിറ്റൂര്‍, പുതുനഗരം, മീനാക്ഷിപുരം, കൊഴിഞ്ഞാമ്പാറ സ്റ്റേഷനുകളിലായി അടുത്ത ദിവസങ്ങളില്‍ എത്തിയത് ആയിരത്തോളം പരാതികളാണ് നല്‍കിയിരിക്കുന്നതെന്നത് ഞെട്ടിപ്പിക്കുന്നതാണ്.
സര്‍ക്കാരിന്റെ പദ്ധതികളാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഭരണകക്ഷിയിലെ ഘടക കക്ഷി നേതാക്കള്‍ ഉള്‍പ്പെടെ തട്ടിപ്പില്‍ പങ്കാളികളാണെന്നാണ് പരാതിക്കാര്‍ പറയുന്നത്. അതേസമയം കോടികളുടെ തട്ടിപ്പില്‍ ഉന്നത രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെട്ടിട്ടുള്ളതായി വ്യക്തമായിട്ടും അവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോലിസ് തയ്യാറാവാത്തത് പ്രതിഷേധാര്‍ഹമാണ്. ബിജെപിയുടെ മുതിര്‍ന്ന നേതാവ് എ എന്‍ രാധാകൃഷ്ണനുള്‍പ്പെടെയുള്ളവര്‍ക്കെതിരേ കേസെടുക്കാത്തത് കേസ് അട്ടിമറിക്കപ്പെടുമെന്ന സംശയം ബലപ്പെടുത്തുന്നു. അധികാര സ്ഥാനങ്ങളിലുള്ളവരും കേന്ദ്ര-സംസ്ഥാന ഭരണവുമായി ബന്ധമുള്ളവരും ഉന്നത രാഷ്ട്രീയ സ്വാധീനമുള്ളവരും മുന്നില്‍ നിന്നതുകൊണ്ടാണ് ഇത്രയധികം ആളുകള്‍ തട്ടിപ്പിന് ഇരയായത് എന്നത് ശ്രദ്ധേയമാണ്. പിടിച്ചതിനേക്കാള്‍ വലുത് മാളത്തിലുണ്ട് എന്നതാണ് അവസ്ഥ.
ചിലരെ മാത്രം പ്രതിയാക്കി ഉന്നതരെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് പോലിസും അന്വേഷണ ഉദ്യോഗസ്ഥരും നടപ്പാക്കുന്നത് എന്ന ആശങ്കയുണ്ട്. കോടികളുടെ തട്ടിപ്പില്‍ പഴുതുകളടച്ച അന്വേഷണത്തിലൂടെ പ്രതികള്‍ എത്ര ഉന്നതാരായാലും അവരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരാന്‍ തയ്യാറാവണമെന്നും എന്‍ കെ റഷീദ് ഉമരി ആവശ്യപ്പെട്ടു.