കരമനയാറ്റിൽ ചാടി യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

ശാലുവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ പോലിസിൽ പരാതിപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സ്ത്രീധന നിരോധന നിയമപ്രകാരം പോലിസ്‌ കേസെടുത്തു.

Update: 2019-12-06 10:27 GMT

തിരുവനന്തപുരം: കരമനയാറ്റിൽ ചാടി യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിലായി. തോളൂർ മേലേച്ചിറ സ്വദേശി ശാലു(24)വിന്റെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് പുളിമൂട് പ്രശാന്ത് ഭവനിൽ പ്രശാന്തിനെ(36)യാണ് അറസ്റ്റ് ചെയ്തത്.

ശാലുവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ പോലിസിൽ പരാതിപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സ്ത്രീധന നിരോധന നിയമപ്രകാരം പോലിസ്‌ കേസെടുത്തു.  നെടുമങ്ങാട് ബസ് ഡിപ്പോയിൽ നിന്നാണ് നെടുമങ്ങാട് ഡിവൈഎസ്പി സ്റ്റുവർട്ട് കീലറുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. അടുത്ത വ്യാഴാഴ്ച പ്രശാന്തിന്റെ മുൻകൂർ ജാമ്യപേക്ഷ കോടതി പരിഗണിക്കാനിരിക്കേയാണ് അറസ്റ്റ്.

ശാലു മരിക്കുന്നതിന് മുമ്പ് സ്വന്തം ബേക്കറിയിൽ വച്ച് ആത്മഹത്യക്കുറിപ്പ് എഴുതിയതിന്റെയും ആറ്റിൽ ചാടുന്നതിന് മുൻപായി എലിയാവൂർ പാലത്തിൽ വച്ച് പ്രശാന്തുമായി ശാലു സംസാരിക്കുന്നതിന്റെയും സിസിടിവി ദ്യശ്യങ്ങൾ തെളിവായി എടുത്തിട്ടുണ്ടെന്ന് പോലിസ് പറഞ്ഞു.

പലഘട്ടങ്ങളിലായി പ്രശാന്ത് ശാലുവിന്റെ അച്ഛൻ അനിൽകുമാറിന്റെ പക്കൽ നിന്നും 35 ലക്ഷത്തിലധികം രൂപ കൈപ്പറ്റിയിരുന്നതായും പോലിസ് പറയുന്നു. ഒക്ടോബർ 30-നാണ് ശാലു ആറ്റിൽ ചാടിയത്. ശാലുവിന്റെ വാഹനത്തിൽ നിന്നും ആത്മഹത്യക്കുറിപ്പും പോലിസിന് ലഭിച്ചിരുന്നു. മൂന്നാം ദിവസമാണ് മൃതദേഹം കണ്ടെത്തിയത്.

Tags:    

Similar News