കരമന- കളിയിക്കാവിള ദേശീയപാത വികസനം: കുടിയൊഴിപ്പിക്കപ്പെട്ട 21 കുടുംബങ്ങൾക്ക് വീട് ലഭ്യമാക്കും
പള്ളിച്ചൽ വില്ലേജിൽ മൂന്ന് സെന്റ് വീതം ഭൂമി അനുവദിക്കുകയും ഇവർ അപേക്ഷിച്ച പ്രകാരം പട്ടയവും അനുവദിച്ചിട്ടുണ്ട്.
തിരുവനന്തപുരം: കരമന-കളിയിക്കാവിള ദേശീയപാത വികസനത്തിൽ കുടിയൊഴിപ്പിക്കപ്പെട്ട 21 കുടുംബങ്ങളെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീട് ലഭ്യമാക്കാൻ തീരുമാനമായി. ഇവർക്ക് പള്ളിച്ചൽ വില്ലേജിൽ മൂന്ന് സെന്റ് വീതം ഭൂമി അനുവദിക്കുകയും ഇവർ അപേക്ഷിച്ച പ്രകാരം പട്ടയവും അനുവദിച്ചിട്ടുണ്ട്. ഇവരിൽ 12 കുടുംബങ്ങൾ മുൻപ് ലൈഫ് മിഷൻ ഭൂരഹിത ഭവനരഹിത ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ടവരാണ്. ഇവരെ ഭൂമിയുളള ഭവനരഹിതരുടെ ലിസ്റ്റിലേക്ക് മാറ്റി. ലൈഫ് ലിസ്റ്റിൽ ഉൾപ്പെടാത്ത ഒൻപത് കുടുബങ്ങളെ പുതിയതായി ലൈഫ് ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെടുത്താൻ പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് ഭരണ സമിതി നടപടി സ്വീകരിക്കുകയും ചെയ്തു.
വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പുനരധിവാസ പ്രവർത്തനങ്ങളാൽ വീട് നഷ്ടപ്പെടുന്നവർക്ക് ലൈഫ് മിഷനിൽ ഉൾപ്പെടുത്തി ഭവന നിർമ്മാണം സാധ്യമാക്കുന്നതിന് അതത് പദ്ധതികൾക്കായി വകയിരുത്തിയ തുക ലൈഫ് മിഷന് കൈമാറണമെന്ന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ തിരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ ഗുണഭോക്താക്കളെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി സഹായം നൽക്കുന്നതിന് പ്രത്യേക അനുമതി നൽകിയത്.