യുവതിയെ രക്ഷിക്കുന്നതിനിടെ കടലിൽ മുങ്ങിമരിച്ച ലൈഫ് ഗാർഡ് ജോൺസന്റെ കുടുംബത്തോടൊപ്പം സർക്കാർ ഉണ്ടാകും: മുഖ്യമന്ത്രി

മൂന്നാര്‍ സ്വദേശിനിയായ പെണ്‍കുട്ടി കടലില്‍ ചാടുന്നത് കണ്ട് രക്ഷിക്കാന്‍ ജോണ്‍സണ്‍ കടലിലേക്ക് ഓടിയിറങ്ങുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ ജോണ്‍സന്‍ മറ്റ് രണ്ടുപേരുടെ സഹായത്തോടെ രക്ഷിച്ച്‌ കരയില്‍ എത്തിച്ചെങ്കിലും ശക്തമായ തിരയില്‍പ്പെട്ട് ജോണ്‍സന്റെ തല കടല്‍ഭിത്തിയില്‍ അടിക്കുകയായിരുന്നു.

Update: 2019-08-24 06:07 GMT

തിരുവനന്തപുരം: ശംഖുമുഖത്ത് കടലിലെ തിരയിൽപ്പെട്ട യുവതിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ലൈഫ് ഗാർഡ് ജോൺസൺ മരണപ്പെട്ട സംഭവം വേദനാജനകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വന്തം ജീവൻ അവഗണിച്ചാണ് മറ്റൊരാളെ രക്ഷിക്കാൻ ജോൺസൺ സാഹസികമായി ശ്രമിച്ചത്.

ജോൺസന്റെ കുടുംബത്തോടൊപ്പം സർക്കാർ ഉണ്ടാകും. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നതായും മുഖ്യമന്ത്രി അറിയിച്ചു. ബുധനാഴ്ച വൈകീട്ടാണ് ശംഖുമുഖത്ത് കടലില്‍ ചാടിയ യുവതിയെ രക്ഷപ്പെടുത്തുന്നതിനിടെ ചെറിയതുറ സ്വദേശി ജോണ്‍സണ്‍ ഗബ്രിയേലിനെ(43) കാണാതായത്. 

ഇന്നലെ ഉച്ചയോടെ വലിയതുറ തീരത്തുനിന്നാണ് മൃതദേഹം ലഭിച്ചത്. മൂന്നാര്‍ സ്വദേശിനിയായ പെണ്‍കുട്ടി കടലില്‍ ചാടുന്നത് കണ്ട് രക്ഷിക്കാന്‍ ജോണ്‍സണ്‍ കടലിലേക്ക് ഓടിയിറങ്ങുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ ജോണ്‍സന്‍ മറ്റ് രണ്ടുപേരുടെ സഹായത്തോടെ രക്ഷിച്ച്‌ കരയില്‍ എത്തിച്ചെങ്കിലും ശക്തമായ തിരയില്‍പ്പെട്ട് ജോണ്‍സന്റെ തല കടല്‍ ഭിത്തിയില്‍ അടിക്കുകയും ബോധരഹിതനാവുകയായിരുന്നു. പത്ത് വര്‍ഷത്തിലധികമായി ശംഖുമുഖത്ത് താത്കാലിക ലൈഫ് ഗാര്‍ഡായി ജോലി ചെയ്യുകയാണ് ജോണ്‍സന്‍. 

Tags:    

Similar News