ദേശീയ നാടോടി കലാസംഗമം നാളെ മുതല്‍ ടാഗോര്‍ അങ്കണത്തില്‍

നാളെ വൈകിട്ട് അഞ്ചിന് ഗ്രാമക്കാഴ്ചകളോടെയാണ് കലാസംഗമത്തിന് തുടക്കമാകുന്നത്. അന്തിച്ചന്ത, ചായക്കട, അഞ്ചലാപ്പീസ്, തെരുവ് മാജിക്, നാടന്‍ പാട്ടുകള്‍ എന്നിവയാണ് ഗ്രാമക്കാഴ്ചകളിലുള്ളത്.

Update: 2019-02-23 17:45 GMT

തിരുവനന്തപുരം: നാടന്‍ കലാരൂപങ്ങളും കാല്‍പ്പന്തുകളിയുടെ നാടന്‍ ലഹരിയും ഒരുമിച്ചു ചേര്‍ത്തൊരു നാടകം. മലപ്പുറം ലിറ്റില്‍ എര്‍ത്ത് സ്‌കൂള്‍ ഓഫ് തിയേറ്റര്‍ അവതരിപ്പിക്കുന്ന 'ബൊളീവിയന്‍ സ്റ്റാര്‍സ്' എന്ന നാടകം നാളെ തിരുവനന്തപുരത്ത് അരങ്ങുണര്‍ത്താനെത്തുകയാണ്. ടാഗോര്‍ തിയേറ്റര്‍ അങ്കണത്തില്‍ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന മൂന്നാമത് ദേശീയ നാടോടി കലാസംഗമത്തിലാണ് ഈ നാടകം കാണാനുള്ള അപൂര്‍വ്വാവസരം ഒരുങ്ങുന്നത്. നാടകത്തിനു മുന്‍പായി ആറങ്ങോട്ടുകര കുട്ടികളുടെ കലാപാഠശാല അവതരിപ്പിക്കുന്ന കൊയ്ത്തുപാട്ടുകള്‍- 'പിറ'യും അരങ്ങിലെത്തും. നാളെ വൈകിട്ട് അഞ്ചിന് ഗ്രാമക്കാഴ്ചകളോടെയാണ് കലാസംഗമത്തിന് തുടക്കമാകുന്നത്. അന്തിച്ചന്ത, ചായക്കട, അഞ്ചലാപ്പീസ്, തെരുവ് മാജിക്, നാടന്‍ പാട്ടുകള്‍ എന്നിവയാണ് ഗ്രാമക്കാഴ്ചകളിലുള്ളത്. കോഴിക്കോടുനിന്നുള്ള തെരുവുഗായകന്‍ ബാബു ശങ്കരന്‍ കുടുംബസമേതം പാട്ടുകളുമായെത്തും. തുടര്‍ന്നുള്ള രണ്ടു ദിവസങ്ങളിലും പരിപാടികള്‍ക്ക് മുന്നോടിയായി ഗ്രാമക്കാഴ്ചകള്‍ ഉണ്ടാകും.

തിങ്കളാഴ്ച ബാര്‍മര്‍ ബോയ്‌സിന്റെ പരമ്പരാഗത രാജസ്ഥാനി നാടോടി പാട്ടുകള്‍, ഡല്‍ഹിയിലെ നാടോടി കലാകാരന്മാരുടെ കോളനിയായ കത്പുത്തിലിയയില്‍ നിന്നുള്ള സംഘം അവതരിപ്പിക്കുന്ന പരിപാടികള്‍, ഒറീസയില്‍ നിന്നുള്ള 'പുരുലിയ ചൗ' എന്നിവ അരങ്ങിലെത്തും. അവസാന ദിവസമായ ചൊവ്വാഴ്ച ബംഗാളില്‍ നിന്നുള്ള ഏറ്റവും പ്രായംചെന്ന ഫക്കീര്‍ ഗായകനായ മന്‍സൂര്‍ ഫക്കീറും സംഘവും അവതരിപ്പിക്കുന്ന ഫക്കീര്‍ പാട്ടുകളാണ് നാടോടി കലാസംഗമത്തിന്റെ ആകര്‍ഷണം. കര്‍ണാടകയില്‍ നിന്നുള്ള 'ദുല്ലു കുനിത', ഡല്‍ഹിയില്‍ നിന്നുള്ള പുരന്‍ ഭട്ടും സംഘവും അവതരിപ്പിക്കുന്ന സംഗീത-നൃത്ത-പാവ നാടക സമന്വയമായ 'ദോലാമാരു' എന്നിവയും ചൊവ്വാഴ്ച ടാഗോറില്‍ അരങ്ങേറും. അന്നു രാത്രി 9.30 മുതല്‍ മാനവീയം വീഥിയില്‍ മൂര്‍ക്കനാട് പീതാംബരനും സംഘവും അവതരിപ്പിക്കുന്ന തിറയാട്ടവും ഒപ്പം പുരുലിയ ചൗവും ചേര്‍ന്നുള്ള പ്രത്യേക പരിപാടിയോടെയാണ് സംഗമം സമാപിക്കുക. 

Tags:    

Similar News