അടൂരില്‍ ഹൈഡ്രോക്ലോറിക്ക് ആസിഡുമായി വന്ന ടാങ്കര്‍ ലോറിയില്‍ നിന്നും ആസിഡ് ചോര്‍ച്ച
തൂത്തുക്കുടിയില്‍ നിന്നും ആലുവക്ക് ഹൈഡ്രോക്ലോറിക്ക് ആസിഡുമായി വന്ന ടാങ്കര്‍ ലോറിയുടെ വാല്‍ വിനാണ് ചോര്‍ച്ചയുണ്ടായത്.
പത്തനംതിട്ട: അടൂരില്‍ ഹൈഡ്രോക്ലോറിക്ക് ആസിഡുമായി വന്ന ടാങ്കര്‍ ലോറിയില്‍ നിന്ന് ആസിഡ് ചോര്‍ച്ചയുണ്ടായി. ഇന്ന് രാവിലെ 8 മണിയോടെയാണ് സംഭവം. അടൂര്‍ പഴകുളം ജംക്ഷനില്‍ വെച്ചാണ് ചോര്‍ച്ച ഉണ്ടായത്. തൂത്തുക്കുടിയില്‍ നിന്നും ആലുവക്ക് ഹൈഡ്രോക്ലോറിക്ക് ആസിഡുമായി വന്ന ടാങ്കര്‍ ലോറിയുടെ വാല്‍ വിനാണ് ചോര്‍ച്ചയുണ്ടായത്.
ആസിഡ് വലിയ തോതില്‍ ചോര്‍ന്നുകൊണ്ടിരിക്കുകയാണ്. 23,000 ലിറ്റര്‍ ഹൈഡ്രോക്ലോറിക്ക് ആസിഡാണ് ടാങ്കറില്‍ ഉള്ളത്. കെ പി റോഡില്‍ പഴകുളം ജംക്ഷനില്‍ വെച്ച് വാഹനം കേടായതിനെ തുടര്‍ന്ന് ഡ്രൈവര്‍ ഇറങ്ങി പരിശോധിക്കുമ്പോഴാണ് ആസിഡ് ചോര്‍ന്ന വിവരം അറിയുന്നത്. വാല്‍വില്‍ ഉണ്ടായ തകരാറാണ് ചോര്‍ച്ചക്ക് കാരണം എന്ന് പോലീസ് പറഞ്ഞു. അടൂരില്‍ നിന്നുള്ള രണ്ട് ഫയര്‍ഫോഴ്‌സ് യൂണിറ്റിന്റെ നേതൃത്വത്തില്‍ വെള്ളം പമ്പ് ചെയ്ത് ആസിഡ് നേര്‍പ്പിച്ചു കൊണ്ടിരിക്കുകയാണ്. .മറ്റൊരു ടാങ്കര്‍ ലോറി എത്തിച്ച് ആസിഡ് മാറ്റാനുള്ള ശ്രമവും നടന്നു വരുന്നു.