രണ്ടാം തരംഗത്തിന്റെ പ്രതിസന്ധികള്‍ വിലങ്ങുതടിയായില്ല; അഞ്ച് രോഗികള്‍ക്ക് ജീവിതമേകി പ്രകാശന്‍ മടങ്ങി
തിരുവനന്തപുരം: മഹാമാരിക്കാലത്തെ അവയവദാനസന്നദ്ധതയ്ക്ക് ഒരു ഉദാഹരണം കൂടി. തലച്ചോറിലെ രക്തസ്രാവത്തെത്തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച കരുനാഗപ്പള്ളി, പട നോര്‍ത്ത്, തറയില്‍ ഹൗസില്‍പ്രകാശന്റെ (50) കുടുംബമാണ് ഇത്തവണ സമൂഹത്തിന് മാതൃകയായത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്തെ ആദ്യ അവയവദാനമെന്ന പ്രത്യേകത കൂടി ഇതിനുണ്ട്. അവയവദാനത്തിനു സന്നദ്ധരായ കുടുംബാംഗങ്ങളെ അഭിനന്ദിച്ച ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അവയവദാനപ്രകൃയ എത്രയും വേഗം പൂര്‍ത്തീകരിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചു.കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും മസ്തിഷ്‌ക മരണാനന്തര അവയവദാനത്തിന് വലിയ പിന്തുണയാണ് നല്‍കിയിരുന്നത്.
പക്ഷാഘാതത്തെത്തുടര്‍ന്ന് ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് പ്രകാശനെ കിംസ് ആശുപത്രിയില്‍ പ്രവശിപ്പിച്ചത്. വ്യാഴാഴ്ച രാത്രി മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. ഗൃഹനാഥന്റെ വേര്‍പാട് ആ കുടുംബത്തെ തീരാദുഃഖത്തിലാഴ്ത്തിയിരുന്നു. എന്നാല്‍, അദ്ദേഹത്തിലൂടെ മറ്റാര്‍ക്കെങ്കിലും ജീവിതം തിരിച്ചുനല്‍കാനാവുമോയെന്ന ചിന്ത പ്രസാദിന്റെ ഭാര്യ ഇന്ദുവും മക്കളായ പ്രിഥ്വി ദേവ്, പ്രഥ്യുദ് ദേവ് എന്നിവര്‍ മറ്റു കുടുംബാംഗങ്ങളുമായി പങ്കുവച്ചു. കിംസ് ആശുപത്രിയിലെ ട്രാന്‍സ്പ്ലാന്റ് പ്രൊക്യുവര്‍മെന്റ് മാനേജര്‍ ഡോ.മുരളീധരനോട് പ്രകാശന്റെ ബന്ധുക്കള്‍ ഇതേക്കുറിച്ച് ആരാഞ്ഞു.കുടുംബാംഗങ്ങളുടെ വിശാല മനസിനെ അഭിനന്ദിച്ച അദ്ദേഹം സംസ്ഥാന സര്‍ക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുടെ സംസ്ഥാന നോഡല്‍ ഓഫിസര്‍ ഡോ നോബിള്‍ ഗ്രേഷ്യസിന് വിവരം കൈമാറി.
കൊവിഡ് രണ്ടാം തരംഗം സൃഷ്ടിച്ച പ്രതിബന്ധങ്ങളെയെല്ലാം തരണം ചെയ്ത് മൃതസഞ്ജീവനി സംസ്ഥാന കണ്‍വീനര്‍ കൂടിയായ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ.സാറ വര്‍ഗീസിന്റെയും ആശുപത്രി സൂപ്രണ്ട് ഡോ.എം എസ് ഷര്‍മ്മദ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.ജോബി ജോണ്‍ എന്നിവരുടെ പിന്തുണയോടെ അവയവദാന പ്രക്രിയയ്ക്കുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചു. പ്രകാശന്റെ കരള്‍, വൃക്കകള്‍, നേത്രപടലം എന്നിവയാണ് അഞ്ചുരോഗികള്‍ക്ക് ദാനം ചെയ്തത്. കരളും ഒരു വൃക്കയും കിംസ് ആശുപത്രിയിലെ രണ്ടുരോഗികള്‍ക്കും ഒരു വൃക്ക മെഡിക്കല്‍ കോളജ് ആശുപത്രിയിലെ രോഗിക്കും നേത്രപടലങ്ങള്‍ ഗവ.കണ്ണാശുപത്രിയിലെ രണ്ടുരോഗികള്‍ക്കുമാണ് നല്‍കിയത്.
മെഡിക്കല്‍ കോളജ് ആശുപത്രിയിലെ യൂറോളജി വിഭാഗം പ്രഫസര്‍ ഡോ.സതീഷ് കുറുപ്പ്, ഡോ ഉഷാകുമാരി (അനസ്‌തേഷ്യ). കിംസ് ആശുപത്രി യൂറോളജി വിഭാഗത്തിലെ ഡോ.രേണു, ഗവ. കണ്ണാശുപത്രിയിലെ സൂപ്രണ്ട് ഡോ.ചിത്രാ രാഘവന്‍, ഡോ ഡാലിയ ദിവാകരന്‍, ഡോ.സൂസന്‍, ഡോ. പി ആര്‍ ഇന്ദു, ഡോ.റുക്‌സാന, ഡോ.ഐഷാ നിസാമുദീന്‍, ഡോ.ശ്വേത എന്നിവര്‍ ശസ്ത്രക്രിയകളില്‍ പങ്കാളികളായി.