വിഴിഞ്ഞത്തെ മത്സ്യഭവൻ ഓഫീസറെ നാട്ടുകാർ ഉപരോധിച്ചു
കഴിഞ്ഞ രണ്ടാഴ്ചയായി ദിവസവും രാവിലെ വിവിധ ആവശ്യങ്ങൾക്കായി മത്സ്യഭവൻ ഓഫീസിൽ എത്തുന്ന നാട്ടുകാർക്ക് മതിയായ സേവനം ലഭിച്ചിരുന്നില്ല.
തിരുവനന്തപുരം: മത്സ്യഫെഡിന്റെ വിഴിഞ്ഞത്തെ മത്സ്യഭവൻ ഓഫീസറെ നാട്ടുകാർ ഉപരോധിച്ചു. കഴിഞ്ഞ രണ്ടാഴ്ചയായി ദിവസവും രാവിലെ വിവിധ ആവശ്യങ്ങൾക്കായി മത്സ്യഭവൻ ഓഫീസിൽ എത്തുന്ന നാട്ടുകാർക്ക് മതിയായ സേവനം ലഭിച്ചിരുന്നില്ല. ഓഫീസർ ഇല്ലെന്ന കാരണം പറഞ്ഞ് കുട്ടികളുടെ വിദ്യാഭ്യാസ സ്കോളർഷിപ്പ് അപേക്ഷ ഫോറം, പുതിയ അംഗങ്ങളെ ചേർക്കുന്നതിനുള്ള ഫോറം എന്നിവ നിഷേധിച്ചിരുന്നു. ഇതോടെയാണ് ജനങ്ങൾ രോഷാകുലരായത്. ലീവെടുത്ത് മുങ്ങിയ ഓഫീസർ ഇന്നെത്തിയപ്പോൾ കാത്തുനിന്ന ജനക്കൂട്ടം അയാളെ തടഞ്ഞു. സംഭവം അറിഞ്ഞ് എത്തിയ പോലിസ് അപേക്ഷ ഫോമുകൾ ഉടനെ തന്നെ ലഭ്യമാക്കാമെന്ന ഉറപ്പ് നൽകി പ്രശ്നം പരിഹരിച്ചു.