തിരുവനന്തപുരം: പൊതുജനങ്ങളുടെ പരാതികള്‍ക്കും അപേക്ഷകള്‍ക്കും അതിവേഗത്തില്‍ തീര്‍പ്പുണ്ടാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന സാന്ത്വന സ്പര്‍ശം പൊതുജന പരാതി പരിഹാര അദാലത്ത് 17ന് തിരുവനന്തപുരം എസ്.എം.വി സ്‌കൂളില്‍ നടക്കും. നെടുമങ്ങാട്, തിരുവനന്തപുരം താലൂക്കുകള്‍ക്കായി നടക്കുന്ന അദാലത്തിനു മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, ഡോ. ടി എം തോമസ് ഐസക്, ജെ മേഴ്‌സിക്കുട്ടി അമ്മ എന്നിവര്‍ നേതൃത്വം നല്‍കും.
രാവിലെ ഒമ്പതു മുതല്‍ 12.30 വരെ നെടുമങ്ങാട് താലൂക്കിലേയും ഉച്ചയ്ക്കു രണ്ടു മുതല്‍ 5.30 വരെ തിരുവനന്തപുരം താലൂക്കിലേയും പരാതികളാകും പരിഗണിക്കുക. അക്ഷയ സെന്ററുകളിലൂടെയും ഓണ്‍ലൈനിലൂടെ നേരിട്ടും 3,319 പരാതികളാണ് രണ്ടു താലൂക്കുകളിലുമായി ലഭിച്ചിരിക്കുന്നത്. സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളില്‍ തീര്‍പ്പാക്കിയവ അദാലത്ത് വേദിയില്‍ അതതു വകുപ്പുകളുടെ സ്റ്റാളുകളില്‍നിന്ന് പരാതിക്കാരനു നേരിട്ടു നല്‍കും. സി.എം.ഡി.ആര്‍.എഫ് അപേക്ഷകളടക്കം മന്ത്രിമാര്‍ നേരിട്ടു തീര്‍പ്പാക്കേണ്ടവയില്‍ അപേക്ഷകനെ മന്ത്രിമാര്‍ നേരില്‍ കേട്ടു പരാതി പരിഹരിക്കും.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാകും അദാലത്ത് നടക്കുകയെന്നു ജില്ലാ കലക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ പറഞ്ഞു.