പൗരത്വ പ്രക്ഷോഭം: അട്ടക്കുളങ്ങരയിൽ അംബേദ്കര്‍ സ്‌ക്വയര്‍ സ്ഥാപിക്കും- എസ്ഡിപിഐ
തുടര്‍ച്ചയായ മൂന്നു ദിവസങ്ങളിലായി നടക്കുന്ന പരിപാടി വൈകീട്ട് അഞ്ചിന് ആരംഭിച്ച് രാത്രി 10 ന് അവസാനിക്കും.
തിരുവനന്തപുരം: പൗരത്വ പ്രക്ഷോഭങ്ങളുടെ ഭാഗമായി ജില്ലാ ആസ്ഥാനത്ത് അട്ടക്കുളങ്ങരയിൽ അംബേദ്കര്‍ സ്‌ക്വയര്‍ സ്ഥാപിക്കുമെന്ന് എസ്ഡിപിഐ ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 'സിഎഎ പിന്‍വലിക്കുക, എന്‍ആര്‍സി ഉപേക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക' എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ഇന്നു മുതല്‍ മാര്‍ച്ച് രണ്ട് വരെ അംബേദ്കര്‍ സ്‌ക്വയറുകള്‍ സ്ഥാപിക്കുന്നത്.
തുടര്‍ച്ചയായ മൂന്നു ദിവസങ്ങളിലായി നടക്കുന്ന പരിപാടി വൈകീട്ട് അഞ്ചിന് ആരംഭിച്ച് രാത്രി 10 ന് അവസാനിക്കും. വ്യത്യസ്ത രാഷ്ട്രീയ - സാമൂഹിക സംഘടനാ നേതാക്കള്‍ അഭിവാദ്യമര്‍പ്പിക്കും. വ്യത്യസ്ത പ്രതിഷേധ കലാരൂപങ്ങളും സ്‌ക്വയറില്‍ ക്രമീകരിച്ചിട്ടുണ്ട്. ഫാഷിസ്റ്റ് ഭരണകൂടം ജനവിരുദ്ധവും വംശീയവും ഭരണഘടനാവിരുദ്ധവുമായ നിയമങ്ങള്‍ പൗരനുമേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ്. ഇതിനെതിരേ പ്രതിഷേധിക്കുന്നവരെ ചോരയില്‍ മുക്കിക്കൊല്ലാനാണ് സംഘപരിവാരം ശ്രമിക്കുന്നത്. പൗരന് സംരക്ഷണം നല്‍കേണ്ടവര്‍ അക്രമികള്‍ക്ക് ഒത്താശ ചെയ്യുന്നതായാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്. അതിനാല്‍ പൗരത്വ പ്രക്ഷോഭങ്ങള്‍ മറ്റൊരു ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഭരണഘടനാ വിരുദ്ധമായ പൗരത്വ നിയമം പിന്‍വലിക്കുന്നതുവരെ പ്രക്ഷോഭം ശക്തമായി തുടരുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. അഷറഫ് പ്രാവച്ചമ്പലം(ജില്ലാ ജനറല്‍ സെക്രട്ടറി), അബ്ദുല്‍ സലാം വേലുശ്ശേരി (ജില്ലാ വൈസ് പ്രസിഡന്റ്), ഷെബീര്‍ ആസാദ് (ജില്ലാ സെക്രട്ടറി), ജലീല്‍ കരമന (ജില്ലാ ട്രഷറര്‍) വാര്‍ത്താ സമ്മേളത്തില്‍ പങ്കെടുത്തു.'